/sathyam/media/media_files/2025/08/19/jayaprakash-kayanna-2025-08-19-12-55-04.jpg)
കോഴിക്കോട്: സാമൂഹ്യ പ്രവർത്തന മേഖലയിലെ സമഗ്ര സംഭാവനക്ക് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന മഹാത്മാ അയ്യങ്കാളി അനുസ്മരണ സമിതി നൽകി വരുന്ന പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്ന മഹാത്മാ അയ്യങ്കാളി പുരസ്ക്കാരത്തിന് ഇത്തവണ കായണ്ണ ഗ്രാമപഞ്ചായത്ത് മെമ്പറും സാമൂഹ്യ പ്രവർത്തകനുമായ ജയപ്രകാശ് കായണ്ണയെ തെരഞ്ഞെടുത്തതായി അനുസ്മരണ സമിതി സെക്രട്ടറി സി പി സുരേഷ് ബാബു അറിയിച്ചു.
അവാർഡിന് പരിഗണിക്കപ്പെട്ട 62 നാമനിർദ്ദേശങ്ങളിൽ നിന്നുമാണ് ഡോ. സുബി കെ. ബാലകൃഷ്ണൻ, അഡ്വ. സുരേഷ് ബി യു , സിജു കറുത്തേടത്ത് എന്നിവർ അംഗങ്ങളായ ജൂറി ജയപ്രകാശ് കായണ്ണയുടെ പേര് തെരഞ്ഞെടുത്തത്.
വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലും ഗ്രന്ഥശാലാ പ്രസ്ഥാനത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും നാളിതു വരെയായി നടത്തിയ ഇടപെടലുകളും ഗ്രാമപഞ്ചായത്ത് അംഗമെന്ന നിലയിൽ നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളുമാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്.
തൻ്റെ വാർഡിൽ വീടില്ലാത്ത മുഴുവൻ പേർക്കും വീട് നൽകാനും ഇൻഷൂറൻസ് പരിരക്ഷ എല്ലാവർക്കും നടപ്പാക്കാനും ഉൾപ്പെടെ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾ അനുകരണീയമാണെന്ന് ജൂറി അംഗങ്ങൾ പ്രസ്താവിച്ചു.
മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമായ ആഗസ്ത് 28 ന് കാലത്ത് 10 മണിക്ക് വെസ്റ്റ് ഹിൽ അനാഥ മന്ദിരം ജൂബിലി ഹാളിൽ വെച്ച് നടക്കുന്ന അയ്യങ്കാളി അനുസ്മരണ സമ്മേളനത്തിൽ വെച്ച് അവാർഡ് വിതരണം നടക്കും. സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.