മൈസൂർ - കുട്ട - മാനന്തവാടി - പുറക്കാട്ടിരി ഗ്രീൻഫീൽഡ് ഹൈവേ നടപടികൾ പുനരാരംഭിക്കുക: മൈസൂർ-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ ആക്ഷൻ കമ്മറ്റി

New Update
green field project

കോഴിക്കോട്: ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രവും ദേശീയോദ്യാനവും വളരെ പ്രധാനപ്പെട്ടതും വന്യജീവികളുടെ ആവാസ വ്യവസ്ഥയെ പ്രതിഫലിപ്പിക്കുന്നതുമാണ്. 

Advertisment

1972 ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ സെക്ഷൻ 38-V ലെ ഉപവകുപ്പ് 4 (1)പ്രകാരം ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രം കോർ ക്രിട്ടിക്കൽ ടൈഗർ ആവാസ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. 

ബാംഗ്ളൂർ, മൈസൂർ തുടങ്ങിയ നഗരങ്ങളിൽ നിന്നും വയനാട് വഴി കോഴിക്കോട് ജില്ലയിലേക്ക് ഉള്ള പ്രധാന പാതകൾ കടന്നു പോകുന്നത് ഈ വനമേഖലകളിൽ കൂടിയാണ്. 

പരിസ്ഥിതിപ്രേമികളിൽ നിന്നുള്ള ആവശ്യപ്രകാരം ബന്ദിപ്പൂർ ഡിവിഷനിലെ ടൈഗർ പ്രോജക്ടിലെ വന്യജീവി വിഭാഗത്തിലെ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് 23.01.2009-ൽ എഴുതിയ കത്തിൻ്റെ അടിസ്ഥാനത്തിൽ, ചാമരാജനഗർ ഡെപ്യൂട്ടി കമ്മീഷണർ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 115-നോടൊപ്പം മോട്ടോർ വാഹന നിയമത്തിലെ റൂൾ 221 (എ) (5)-ഉം പ്രകാരമുള്ള തൻ്റെ അധികാരം വിനിയോഗിച്ച്, ഗുണ്ടൽപേട്ടിനും സുൽത്താൻ ബത്തേരിക്കും ഇടയിലുള്ള ബന്ദിപ്പൂർ ദേശീയപാത നമ്പർ 766-ൽ എല്ലാത്തരം മോട്ടോർ വാഹനങ്ങളുടെയും ഗതാഗതം ചില നിബന്ധനകൾക്ക് വിധേയമായി നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. 

അത് ഈ സമയം വരെയും തുടരുകയാണ്. സമാനമായ നിയന്ത്രണം അത് വഴിയുള്ള മറ്റു റൂട്ടുകളിലും നിലനിൽക്കുന്നു. 

ബന്ദിപ്പൂർ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം കേവലം യാത്രക്കാർക്ക് മാത്രമല്ല ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. ചരക്കുവാഹനങ്ങളുടെ ഇടതടവില്ലാത്ത സഞ്ചാരം അത് ഇല്ലാതാക്കുകയും ചരക്ക് നീക്കത്തിന് കാലതാമസം വരുത്തുകയും വലിയ സാമ്പത്തിക നഷ്ടത്തിന് ഇടവരുത്തുകയും ചെയ്യുന്നു. 

ഇത് കൂടാതെ രാവിലെ ഗതാഗത നിയന്ത്രണം കഴിഞ്ഞു ഒരുമിച്ച് നീങ്ങുന്ന ചരക്കു വാഹനങ്ങൾ ഉൾപ്പടെയുള്ളവ ഒന്നിച്ച് താമരശ്ശേരി ചുരത്തിൽ എത്തിപ്പെടുകയും രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാവുകയും കാര്യങ്ങൾ കൂടുതൽ വഷളാവുകയും ചെയ്യാനിടവരുന്നു. 

ഇതിന് ഒരു ശാശ്വതപരിഹാരമെന്നവണ്ണം നിർദേശിക്കപ്പെട്ട പാതയായിരുന്നു കർണാടകയിലെ കുട്ടയിൽ നിന്ന് പുറപ്പെട്ട് മാനന്തവാടി-കുറ്റിയാടി ചുരം വഴി കോഴിക്കോട്ടെ പുറക്കാട്ടിരി വരെ നീളുന്ന ഗ്രീൻഫീൽഡ് ഹൈവേ. 

45 മീറ്ററിൽ 4 വരിയായി നിർമ്മിക്കുന്ന കുട്ട - മാനന്തവാടി - പുറക്കാട്ടിരി ഹൈവേ ഒരു എക്കണോമിക് കോറിഡോർ ആയാണ് വിഭാവനം ചെയ്യപ്പെട്ടിരുന്നത്. 

7134 കോടി രൂപയുടെ ഈ പദ്ധതി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി 2024 ജനുവരി അഞ്ചാം തിയതി ഓൺലൈൻ ആയി നടത്തിയ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചതാണ്. 

സംസ്ഥാന പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസും അന്നത്തെ കേന്ദ്രസഹമന്ത്രി വി മുരളീധരനും പങ്കെടുത്ത ഈ പരിപാടിയുടെ പൂർണ്ണരൂപം നിതിൻഗഡ്‌കരിയുടെ യുട്യൂബ് ചാനലിൽ ലഭ്യമാണ്. 

കൂടാതെ കേരളത്തിലെ മാധ്യമങ്ങൾ എല്ലാം തന്നെ ഇത് വാർത്തയാക്കിയതുമാണ്. ഡിപിആര്‍ തയ്യാറാക്കാൻ ഒരു കൺസൾട്ടൻസിയെ നിയോഗിച്ചതായും 2025 ജനുവരിയിൽ അന്തിമരൂപം പുറത്ത് വരുമെന്നും അതിൽ സൂചിപ്പിച്ചിരുന്നു. 

ബംഗളൂരും വടക്കൻ കേരളവുമായി രാത്രിയാത്രാ നിരോധനം ഇല്ലാതെ വനമേഖല ഒഴിവാക്കി ഇരുപത്തിനാല് മണിക്കൂറും തടസമില്ലാതെ ചരക്ക് ഗതാഗതം സാധ്യമാക്കുന്ന പാതയാണ് ഇത് എന്നും മന്ത്രി അതിൽ കൃത്യമായി പറഞ്ഞിരുന്നു.

2023 ഡിസംബർ മാസത്തിൽ പാർലമെൻ്റിൽ അന്നത്തെ വയനാട് എംപി രാഹുൽ ഗാന്ധിക്കും കോഴിക്കോട് എംപി എംകെ രാഘവനും അവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് (ചോദ്യം നമ്പർ 742, 1869) ഉത്തരമായി നൽകിയതിലും ഈ പ്രോജക്‌ടിനെപ്പറ്റി പരാമർശമുണ്ട്. 

അതിന് ശേഷം തൊട്ടടുത്ത മാസം നിതിൻ ഗഡ്‌കരിയുടെ മേൽപ്പറഞ്ഞ പ്രസ്‌താവനയും വന്നതോടെ റോഡ് യാഥാർഥ്യമാകും എന്ന പ്രതീക്ഷ കൈവന്നു. 

എന്നാൽ പിന്നീട് ഭാരത് മാല പദ്ധതിയിൽ ഉൾപ്പെട്ട നിരവധി പ്രോജക്ടു‌കൾ താൽക്കാലികമായി മാറ്റിവെച്ചതായി വാർത്തകൾ വരികയുണ്ടായി. 

2024 ഡിസംബർ മാസത്തിൽ കോഴിക്കോട് എംപി എംകെ രാഘവനും വടകര എംപി ഷാഫി പറമ്പിലും ഈ വിഷയം സഭയിൽ ഉന്നയിച്ചപ്പോൾ (ചോദ്യം നമ്പർ 2024, 4010) നിലവിൽ റോഡ് പരിഗണനയിൽ ഇല്ല എന്ന ഉത്തരമാണ് ലഭിച്ചത്. 

പിന്നീട് ഈ വർഷം ജൂലൈ മാസത്തിൽ കേരളം ഭാരത്മാല ശേഷം വരുമെന്ന് പറയപ്പെടുന്ന വിഷൻ 2047 എന്ന പേരിലുള്ള പദ്ധതിയിലേക്കായി 17 റോഡുകളുടെ ലിസ്റ്റ് സമർപ്പിച്ചതായി ഒരു വാർത്ത വന്നിരുന്നു. എന്നാൽ ഏതെല്ലാം റോഡുകളാണ് ഇതിൽ ഉൾപ്പെട്ടത് എന്നത് വാർത്തകളിൽ വ്യക്തമല്ല.

കൂടാതെ ഈയിടെ ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എൻപി നവീൻ കുമാർ ചാമരാജനഗർ ഡെപ്യൂട്ടി കമ്മീഷണർക്ക് അയച്ച കത്തിൽ വൈകുന്നേരം 6 മണി മുതൽ തുടങ്ങുന്ന രീതിയിൽ രാത്രിയാത്രാനിയന്ത്രണം നീട്ടണമെന്ന് അഭ്യർത്ഥിച്ചു എന്ന വാർത്തകൾ വന്നതോടെ ഈ റോഡിൻ്റെ പ്രസക്തി വർധിക്കുകയാണ്. 

അങ്ങനെ സംഭവിക്കുകയാണ് എങ്കിൽ ചരക്ക് നീക്കത്തിനും ദീർഘദൂരയാത്രക്കും ഒരുപോലെ തിരിച്ചടിയാകും. അതിനാൽ ഈ റൂട്ടിൽ നിലവിലുള്ളതും ഭാവിയിൽ വന്നേക്കാവുന്നതുമായ ഗതാഗതപ്രതിസന്ധിക്ക് ഒരു ശാശ്വതപരിഹാരാമുണ്ടാവേണ്ടതുണ്ട്.

നിലവിൽ ബാംഗ്ളൂർ-മൈസൂർ-കോഴിക്കോട് നഗരങ്ങളെ ബന്ധപ്പെടുത്തി പൂർണ്ണമായും വനമേഖല ഒഴിവാക്കിക്കൊണ്ട് നിർമ്മിക്കാൻ സാധിക്കുന്ന ഏറ്റവും ചെലവ് കുറഞ്ഞതും ദൂരം കുറഞ്ഞതും ആയ പാതയാണ് മൈസൂർ-കുട്ട-മാനന്തവാടി-പുറക്കാട്ടിരി ഇക്കണോമിക് കോറിഡോർ. 

ഡിപിആർ പുറത്ത് വരുന്നതിന് തൊട്ടുമുൻപ് വരെ എത്തിയ, പ്രഖ്യാപിക്കപ്പെട്ട ഈ ഗ്രീൻഫീൽഡ് ഹൈവേ അടുത്തതായി പരിഗണിക്കുന്ന റോഡ് പ്രോജക്‌ടുകളിൽ പ്രഥമപരിഗണ നൽകിക്കൊണ്ട് പ്രവർത്തനങ്ങൾ മുന്നോട്ട് പോകണമെന്ന് മൈസൂർ-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ ആക്ഷൻ കമ്മറ്റി ആവശ്യപ്പെടുപ്പെടുന്നു.

Advertisment