/sathyam/media/media_files/2025/09/01/vesthill-poorhomes-society-2025-09-01-16-19-33.jpg)
കോഴിക്കോട്: കെ എൻ കുറുപ്പിൻ്റെയും കുട്ടിമാളു അമ്മയുടെയും സ്വപ്നങ്ങൾ സാർത്ഥകമാക്കാനുതകുന്ന കർമ്മപരിപാടികൾ ആവിഷ്ക്കരിക്കുന്ന വെസ്റ്റ്ഹിൽ പുവർ ഹോംസ് സൊസൈറ്റിയുടെ നിലവിലുള്ള നേതൃത്വം നടത്തിവരുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ചരിത്രത്തിൽ നിന്നും തമസ്കരിക്കപ്പെട്ട സാമൂഹ്യ പ്രവർത്തകനായിരുന്നു കെ എൻ കുറുപ്പ് എന്നും കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. കെ ജയന്ത് പറഞ്ഞു.
വെസ്റ്റ്ഹിൽ പുവർ ഹോംസ് സൊസൈറ്റിയുടെ 87 മത് വാർഷിക പൊതുയോഗത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ ജീവിതസാഹചര്യത്തിൽ വൃദ്ധ സദനങ്ങൾ അനിവാര്യമായിരിക്കുകയാണെന്നും മെച്ചപ്പെട്ട സൗകര്യങ്ങൾ ഇത്തരം സ്ഥാപനങ്ങളിൽ ഏർപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീഷ് കേശവപുരി, ഭാരവാഹികളായ അഡ്വ. എം രാജൻ, കെ. ബിനുകുമാർ, വിആർ രാജു, സൂപ്രണ്ട് റീജാബായി എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ ഒരു വർഷക്കാലത്തെ വരവ് ചെലവ് കണക്ക്, പ്രവർത്തന റിപ്പോർട്ട് എന്നിവ യോഗം അംഗീകരിക്കുകയും വരുന്ന ഒരു വർഷക്കാലത്തേക്കുള്ള ബഡ്ജറ്റിന് അംഗീകാരം നൽകുകയും ചെയ്തു.
സ്ഥാപകരായ കെ എൻ കുറുപ്പിൻ്റ പേരിൽ സാമൂഹ്യ സേവന രംഗത്തും എവി കുട്ടിമാളു അമ്മയുടെ പേരിൽ സ്ത്രീ ശാക്തീകരണ രംഗത്തും സ്തുത്യർഹമായ സേവനങ്ങൾ നടത്തിയ വ്യക്തികൾക്ക് വർഷം തോറും പുരസ്കാരം നൽകാനും പുവർ ഹോംസ് സൊസൈറ്റിയുടെ നവതിയുടെ ഓർമക്കായി ആധുനിക സൗകര്യങ്ങളുള്ള ഡൈനിംഗ് ഹാൾ കിച്ചൺ എന്നിവ പുവർ ഹോംസ് സൊസൈറ്റി നവതി സ്മാരക നേതാജി സ്മൃതി മന്ദിരം എന്ന പേരിൽ നിർമിക്കാനും നിർധനർക്ക് സൗജന്യ ചികിത്സ നൽകുന്നതിന് വേണ്ടി വെസ്റ്റ് ഹില്ലിൽ കെ പി കേശവമേനോൻ മെമ്മോറിയൽ ഫ്രീക്ലിനിക് ആരംഭിക്കാനും നിർധനരെ സഹായിക്കുന്നതിന് സാമൂഹ്യ ക്ഷേമനിധി സമാഹരിക്കാനും പൊതുയോഗം അംഗീകാരം നൽകി.
2025- 28 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ഷനൂപ് താമരക്കുളം ( പ്രസിഡൻ്റ് ), അഡ്വ. എം രാജൻ (വൈസ് പ്രസിഡൻ്റ് ), സുധീഷ് കേശവ പുരി (സെക്രട്ടറി), പി.രാജനന്ദിനി (ജോ. സെക്രട്ടറി), ടി വി ശ്രീധരൻ (ട്രഷറർ) എന്നിവരെയും നിർവ്വാഹക സമിതി അംഗങ്ങളായി കെ. ബിനുകുമാർ, എവി ശങ്കര മേനോൻ, അലോക് കുമാർ സാബു, അനീഷ് പഴയന, സുനിൽ ചുള്ളിയിൽ, അഡ്വ. സുരേഷ് ബി ഉത്തമൻ, കെ മോഹൻദാസ്, വി. സുരേന്ദ്രൻ എന്നിവരെയും തെരഞ്ഞെടുത്തു.
വെസ്റ്റ്ഹിൽ പുവർ ഹോംസ് സൊസൈറ്റിയുടെ 87 മത് വാർഷിക പൊതുയോഗത്തിൻ്റെ ഉദ്ഘാടനം അഡ്വ. കെ.ജയന്ത് നിർവ്വഹിക്കുന്നു.