കോഴിക്കോട്: കേരള അഴിമതി വിരുദ്ധ മനുഷ്യാവകാശ സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷെറിനെ സംഘടന പ്രാഥമിക അംഗത്വത്തിൽ നിന്നും എല്ലാ ചുമതലങ്ങളിൽ നിന്നും പുറത്താക്കി. പാലക്കാട് ചേർന്ന സംസ്ഥാന എക്സിക്യു്ട്ടീവ് യോഗത്തിന്റേതാണ് തീരുമാനം.
21 അംഗ സംസ്ഥാന എക്സിക്യു്ട്ടീവ് കമ്മിറ്റിയിലെ യോഗത്തിൽ പങ്കെടുത്ത 17 ൽ 15 പേരുടെ അംഗീകാരത്തോടെയാണ് നടപടി കൈക്കൊണ്ടതെന്ന് ഇത് സംബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് ഐസക് വർഗീസ് ഇറക്കിയ പത്രക്കുറിപ്പ് വ്യക്തമാക്കി.
സാമ്പത്തികവും സംഘടനാപരവും സ്വാഭാവപരവുമായ ഗുരുതരമായ കുറ്റങ്ങൾക്കാണ് ഷെറിന് എതിരെ നടപടിയെടുത്തതെന്ന് പ്രസ്താവന വിശദീകരിച്ചു. സാമ്പത്തിക ക്രമക്കേടുകൾ നടത്തി, സംഘടനാ നടപടികളെ മോശമായി ചിത്രീകരിച്ചു, പ്രവർത്തകരോട് മോശമായി പെരുമാറി, സംഘടനാ നോട്ടീസ് ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയും പിരിവ് നടത്തി, സംഘടനാ കാര്യങ്ങളെ സ്വന്തം നിലനിൽപ്പിനായി ദുരുപയോഗം ചെയ്തു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഷെറിന് എതിരെ പ്രസിഡന്റിന്റെ പത്രക്കുറിപ്പ് എണ്ണിപ്പറയുന്നത്.
ഷെറിനുമായോ ഷെറിന്റെ എന്തെങ്കിലും നടപടികളുമായോ കേരള അഴിമതി വിരുദ്ധ മനുഷ്യാവകാശ സംരക്ഷണ സമിതിയ്ക്ക് യാതൊരു ബന്ധമോ ബാധ്യതയോ ഉണ്ടായിരിക്കില്ലെന്നും പത്രക്കുറിപ്പ് വ്യക്തമാക്കി.