പുതിയ ഹജ്ജ് കമ്മിറ്റി ചെയർമാന് മർകസിൽ സ്വീകരണം നൽകി

New Update
MKZ09154

കോഴിക്കോട്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ 2024-27 വർഷത്തെ ചെയർമാനായി ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗവും ജാമിഅ മർകസ് പ്രൊ-ചാൻസിലറുമായ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന് മർകസിൽ സ്വീകരണം നൽകി. 


Advertisment

മർകസ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും സ്റ്റാഫ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ മസ്ജിദുൽ ഹാമിലി പരിസരത്ത് ദഫ്മുട്ടിന്റെ അകമ്പടിയോടെയാണ് പുതിയ ചെയർമാനെ സ്വീകരിച്ചത്. 


ശേഷം കൺവെൻഷൻ സെന്ററിൽ നടന്ന സ്വീകരണ സംഗമം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. 

മർകസ് സാരഥിയും ഹുസൈൻ സഖാഫിയുടെ പ്രധാന ഗുരുനാഥനുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ മർകസിന്റെ ആദരം നൽകി. 

ന്യൂനപക്ഷ വിഷയങ്ങളിലും സാമുദായിക വിഷയങ്ങളിലും സജീവ ശ്രദ്ധയും പങ്കാളിത്തമുള്ള സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും ബഹുഭാഷാ പണ്ഡിതൻ, അഭിഭാഷകൻ എന്ന നിലയിലും അഡ്വ. ഹുസൈൻ സഖാഫിയുടെ നേതൃത്വം ഹജ്ജ് കമ്മിറ്റിക്ക് ഗുണം ചെയ്യുമെന്ന് കാന്തപുരം പറഞ്ഞു. 


സഖാഫി ശൂറയുടെയും ജാമിഅ സ്റ്റാഫ് കൗൺസിലിന്റെയും മർകസ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും പ്രത്യേക ഉപഹാരങ്ങളും കൈമാറി. 


ഹാജിമാരുടെ സേവനത്തിനായി എന്നും കൂടെയുണ്ടാകുമെന്നും കേരളത്തിൽ നിന്നുള്ള തീർഥാടന യാത്ര കൂടുതൽ സുഗമമാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും മറുപടി പ്രസംഗത്തിൽ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പറഞ്ഞു.

സംഗമത്തിൽ മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി പ്രാർഥന നിർവഹിച്ചു. 

അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സി പി ഉബൈദുല്ല സഖാഫി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ ആശംസകളർപ്പിച്ച് സംസാരിച്ചു. 

വി പി എം ഫൈസി വില്യാപ്പള്ളി, മുഹമ്മദലി സഖാഫി വള്ളിയാട്, പ്രൊഫ. കെ വി ഉമറുൽ ഫാറൂഖ്, ഉനൈസ് മുഹമ്മദ് സംബന്ധിച്ചു. പി മുഹമ്മദ് യൂസുഫ് സ്വാഗതവും കെ കെ ശമീം നന്ദിയും പറഞ്ഞു.

Advertisment