/sathyam/media/media_files/L6o3WPu0trDY8SUiZN0W.jpg)
കോഴിക്കോട് : തിരുവമ്പാടിയിലെ കെഎസ്ഇബി സെക്ഷൻ ഓഫീസ് ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ച സംഭവത്തില്‍ പ്രശ്‌നപരിഹാരം.അജ്മലിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ കെ.എസ്.ഇ.ബി. പുനഃസ്ഥാപിച്ചു.
പോരാട്ടം വിജയം കണ്ടെന്നും എല്ലാവർക്കും നന്ദിയുണെന്നും അജ്മലിന്‍റെ പിതാവ് റസാഖ് പ്രതികരിച്ചു. കോഴിക്കോട് ജില്ലാ കളക്ടറുടെ നിർദ്ദേശത്തെത്തുടർന്ന് തഹസിൽദാർ റസാഖിന്റെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു.
ജീവനക്കാരെയോ ഓഫിസിനെയോ ഇനി ആക്രമിക്കില്ല എന്ന ഉറപ്പു ലഭിച്ചാൽ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കാൻ വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി കെഎസ്ഇബിയ്ക്ക് നിർദ്ദേശം നൽകിയിരുന്നു.
ആക്രമിച്ചയാളുടെ പിതാവിന്റെ പേരിൽ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളതെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. അതിൽ പത്തെണ്ണം കൊമേഷ്യൽ കണക്ഷനാണ്. സ്ഥിരമായി വൈദ്യുതി ബിൽ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തിൽ ഡിസ്കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതർക്കവും ഭീഷണിയും പതിവാണ്.