കുന്ദമംഗലം "വീരപ്പനെ" കരുതിയിരിക്കുക; ആരോപണവുമായി കെ.ടി. ജലീൽ

കാസർകോട്ടെ ഫാഷൻ ഗോൾഡ് തട്ടിപ്പിൻ്റെ കോഴിക്കോടൻ രൂപമാണ് യൂത്ത് ലീഗ് സെക്രട്ടറിയുടെ "ബ്ലുഫിൻ വില്ലാ പ്രൊജക്ട്" എന്നും ജലീൽ ആരോപിക്കുന്നു

New Update
jaleel-foroz

കോഴിക്കോട്: കാട്ടുകള്ളൻ വീരപ്പന് കേരളത്തിലും ലക്ഷണമൊത്ത ഒരു അനുയായി പിറന്നിരിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് ലീഗ് നേതാവിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ എം.എൽ.എ. 

Advertisment

കത്വ ഫണ്ട് തട്ടിപ്പ്, ദോത്തി ചലഞ്ചിലെ കോടികളുടെ തിരിമറി, ഹവാല കള്ളപ്പണ ഇടപാട് തുടങ്ങിയ ആരോപണങ്ങളാണ് യൂത്ത് ലീഗ് നേതാവിനെതിരെ ജലീൽ ഉന്നയിച്ചിരിക്കുന്നത്.

 യൂത്ത് ലീഗ് നേതാവിനെ കുന്ദമംഗലം "വീരപ്പൻ" എന്നും "ശുദ്ധ സാമ്പത്തിക കുറ്റവാളി" എന്നും വിശേഷിപ്പിച്ച ജലീൽ, കോഴിക്കോട്ടെയും ദുബായിലെയും "ബ്ളൂഫിൻ" സ്ഥാപനങ്ങളുടെ മറവിൽ സാധാരണക്കാരെ പറ്റിക്കാൻ ഇറങ്ങിയ തസ്കര വീരൻ എന്നാണ് ആരോപിക്കുന്നത്.

 മാസം അഞ്ചേകാൽ ലക്ഷം ശമ്പളം വാങ്ങുന്ന ഇയാൾ ഹവാല കള്ളപ്പണ ഇടപാട് നടത്തുന്നുണ്ടെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

ബ്ളൂഫിൻ സ്ഥാപനങ്ങൾ തട്ടിപ്പിന്റെ മറവിൽ?

നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെക്കുറിച്ചും ജലീൽ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. കോഴിക്കോട്ടെ ബ്ളൂഫിൻ സ്ഥാപനങ്ങളുടെ മറവിൽ സാധാരണക്കാരെ പറ്റിക്കാൻ ശ്രമിക്കുന്നതായും, ദുബായിലെ ബ്ളൂഫിൻ ടൂറിസം കമ്പനിയുടെ പേരിൽ നാട്ടുകാരെ  പറ്റിക്കുന്നത്  പാർട്ട്ണർ ആണെന്നാണ് പോസ്റ്റിൽ പറയുന്നത്.

കൂടാതെ, ബ്ളൂഫിൻ പ്രോപ്പർട്ടി കെയർ എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ കളങ്കിതനായ മുതലാളിയാണ് ഇയാളെന്നും ആരോപിക്കുന്നു.

ഫാഷൻ ഗോൾഡ് തട്ടിപ്പിന്റെ കോഴിക്കോടൻ രൂപം

കാസർകോട്ടെ ഫാഷൻ ഗോൾഡ് തട്ടിപ്പിൻ്റെ കോഴിക്കോടൻ രൂപമാണ് യൂത്ത് ലീഗ് സെക്രട്ടറിയുടെ "ബ്ലുഫിൻ വില്ലാ പ്രൊജക്ട്" എന്നും ജലീൽ ആരോപിക്കുന്നു.

തട്ടിപ്പും വെട്ടിപ്പും തൊഴിലാക്കിയ ലീഗിലെ ഈ "വീരപ്പൻ്റെ" ബ്ളൂഫിൻ സ്ഥാപനങ്ങളെ കരുതിയിരിക്കണമെന്നും, പണം തിരിച്ചു കിട്ടുമെന്ന ഒരു പ്രതീക്ഷയും ആർക്കും വേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

ചൂരൽമല ദുരന്ത ഫണ്ടിലും തട്ടിപ്പ്?

ചൂരൽമലയിലെ ദുരന്ത ബാധിതർക്ക് വീടുവെക്കാൻ പിരിച്ച പണത്തിൽ നിന്ന് സെൻ്റിന് ഒന്നേകാൽ ലക്ഷം നൽകി 11 ഏക്കർ വാങ്ങി കമ്മീഷൻ അടിച്ചതായും ജലീൽ ആരോപിക്കുന്നു.

 ഈ കുന്ദമംഗലം ''വീരപ്പൻ്റെ" കയ്യിൽ ഒരു രൂപ പെട്ടാൽ തിരിച്ചു കിട്ടില്ലെന്ന് ആയിരം തവണ ഉറപ്പ് നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ, വയനാട്ടിലെ വീടുകളുടെ പണി നിർത്തിവെച്ചത് എന്തിനാണെന്നും ജലീൽ ചോദ്യമുയർത്തുന്നു.

നിർമ്മാണ യോഗ്യമല്ലാത്ത ഭൂമി വാങ്ങി പാവം മനുഷ്യരെ കവചമാക്കി തരം മാറ്റാനുള്ള ഗൂഢനീക്കമാണ് ലീഗ് പ്രമാണിമാർ നടത്തുന്നതെന്ന് അന്നേ നാട്ടുകാർ പറഞ്ഞിരുന്നതായും, വയനാട്ടിൽ പോയി പണിയുന്ന വീടുകളുടെ റീൽസ് ഇടുന്നവരെയൊന്നും ഇപ്പോൾ കാണുന്നില്ലല്ലോ എന്നും ജലീൽ പരിഹസിച്ചു.

Advertisment