അച്ചടക്ക ലംഘനം; കുവൈത്ത് കെഎംസിസി ജനറല്‍ സെക്രട്ടറി അടക്കമുള്ളവരെ സസ്‌പെന്‍ഡ് ചെയ്ത് മുസ്ലിം ലീഗ്‌

അച്ചടക്കലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിലൂടെ കെഎംസിസിയില്‍ രൂക്ഷമാകുന്ന വിഭാഗീയത അവസാനിപ്പിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ ശ്രമം

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
kuwait kmcc

കോഴിക്കോട്: ഷറഫുദ്ദീന്‍ കണ്ണേത്ത് ഉള്‍പ്പെടെയുള്ള കുവൈത്ത് കെഎംസിസി നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയുമായി മുസ്ലിം ലീഗ്. ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതിന് ഷറഫുദ്ദീന്‍ കണ്ണേത്ത്  അസ്‌ലം കുട്ടിക്കാട്ടൂർ, ഷാഫി കൊല്ലം, നിഷാൻ അബ്ദുള്ള, ഫുവാദ് സുലൈമാൻ, റസാഖ് മണ്ണൻ, ഫൈസൽ കടമേരി, ശുവൈബ് ചെമ്പിലൊട് ,  അയൂബ് പുതുപറമ്പ്,അബ്ദുൾ കാദർ കൈതക്കാട് തുടങ്ങിയവരെ പാർട്ടിയിലേയും കെ.എംസി.സി അടക്കമുള്ള പോഷക സംഘടനകളിലെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

Advertisment

മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പങ്കെടുത്ത കെഎംസിസി കോഴിക്കോട് ജില്ലാ തെരെഞ്ഞെടുപ്പ് കൺവെൻഷൻ  അലങ്കോലപ്പെടുത്തിയതുൾപ്പെടെയുള്ള സംഭവങ്ങളിലാണ് നടപടി. കുവൈത്ത് കെഎംസിസിയിലെ വിഭാഗീയത പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്നും, അച്ചടക്ക ലംഘനം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പിഎംഎ സലാം കഴിഞ്ഞ് ദിവസം വ്യക്തമാക്കിയിരുന്നു.

കുവൈത്ത് കെഎംസിസിയിലെ ജനറൽ സെക്രട്ടറി ഷറഫുദ്ധീൻ കണ്ണേത്ത് വിഭാഗവും പ്രസിഡന്റ് നാസർ മഷൂർ തങ്ങൾ വിഭാഗവും തമ്മിലുള്ള തര്‍ക്കമാണ്‌ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇഫ്താര്‍ സമ്മേളന വേദിയിലും ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. പിന്നാലെ ഷറഫുദ്ദീന്‍ കണ്ണേത്തിന്റെ ഫോട്ടോ കെഎംസിസി ഓഫീസില്‍ നിന്ന് തങ്ങൾ പക്ഷത്തെ അനുകൂലിക്കുന്നവര്‍ എടുത്തുമാറ്റുകയും ചെയ്തിരുന്നു.

അച്ചടക്കലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിലൂടെ കെഎംസിസിയില്‍ രൂക്ഷമാകുന്ന വിഭാഗീയത അവസാനിപ്പിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ ശ്രമം.

Advertisment