/sathyam/media/media_files/hMz0dUoHvaTQgXiahyQF.jpg)
കോഴിക്കോട് : കലാകാരന്മാർ അപമാനിക്കപ്പെടരുതെന്ന് കോഴിക്കോട് മ്യൂസിഷ്യൻസ് വെൽഫയർ അസോസിയേഷൻ. കലാകാരന്മാരുടെ വളർച്ച കാമ്പസുകളിലൂടെയായിരുന്നു. സ്കൂൾ കലോത്സവ വേദികളിൽ നിന്ന് കരുത്താർജിച്ചെത്തുന്ന കലാരത്നങ്ങൾക്ക് വലിയ വേദികൾ നൽകുന്നത് കോളേജ് കാമ്പസുകളാണെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.
കലോത്സവങ്ങളിലൂടെ വളർന്നവരാണ് കേരളത്തിലെ മിക്ക കലാകാരന്മാരും. പക്ഷേ ഇപ്പോഴിതാ കലോത്സവങ്ങൾ കലാപ വേദികളാവുന്ന കാഴ്ചകളാണ് കേരളത്തിൽ. കലാകാരന് അന്യമായ അക്രമ രാഷ്ട്രീയവും വർഗീയതയും കാമ്പസുകളെ മലീമസമാക്കിക്കഴിഞ്ഞു. അത്യന്തം
വിമർശനാത്മകമായ കാര്യങ്ങളാണ് കേരള സർവകലാശാല കലോത്സവത്തിനിടെ സംഭവിച്ചതെന്ന് അസോസിയേഷന്‍ വിമര്‍ശിച്ചു.
ഇക്കഴിഞ്ഞ ദിവസം ഗായകൻ ജാസി ഗിഫ്റ്റിനെ കോലഞ്ചേരി സെന്റ് പീറ്റേർസ് കോളേജിന്റെ കോളേജ് ഡേ വേദിയിൽ നിന്നിറക്കി വിട്ടിരിക്കുന്നു. ആ കലാകാരനെ ക്ഷണിച്ചത് മാനേജ്‌മെന്റിന്റെ അനുമതിയോടെ കോളേജിലെ വിദ്യാർത്ഥി കൂട്ടായ്മയാണ്. എന്നാൽ പ്രോഗ്രാം നടന്നുകൊണ്ടിരിക്കെ മൈക്ക് പിടിച്ചു വാങ്ങി പ്രോഗ്രാം നിർത്താൻ ആവശ്യപ്പെട്ട ആ കോളേജ് പ്രിൻസിപ്പലിന്റെ നടപടിക്കു എന്തു ന്യായീകരണമാണ് നൽകാൻ കഴിയുക? മര്യാദയുടെ എല്ലാ സീമകളും ലംഘിക്കപ്പെട്ടെന്നും അസോസിയേഷന്‍ വിമര്‍ശിച്ചു.
കലാ കേരളത്തിന് പ്രത്യേകിച്ച് സംഗീത കലാകാരന്മാർക്ക് അപമാനകരമാണിത്. ഒരു ഗായകൻ പാടിയാൽ നഷ്ടപ്പെടുന്ന സമാധാന അന്തരീക്ഷമാണോ കാമ്പസുകളിലെന്നും അസോസിയേഷന്‍ ചോദിച്ചു.
കഴിഞ്ഞയാഴ്ച കൊല്ലത്ത് ഒരു നാടൻ പാട്ട് കലാകാരൻ രാഹുൽ കൊച്ചാപ്പിയെ കുറെ മദ്യപർ ചേർന്ന് ആക്രമിച്ചതും ഇതിനോട് ചേർത്ത് വായിക്കണം. ഇതിനോടൊപ്പം മറ്റൊരു സംഭവം അരങ്ങേറിയത് ആലപ്പുഴ ജില്ലയിലാണ്. ‘നാട്ടുമൊഴി’ നാടൻപാട്ട് സംഘത്തിലെ ഗായകരെ മൈക്ക് പെർമിഷൻ പേരും പറഞ്ഞു ഒരുപറ്റം
പോലീസുകാർ ക്രൂരമായി മർദിച്ചു. ഗാനമേള വേദികളിൽ ഗായിക ഗായകന്മാരെ കേട്ടാലറയ്ക്കുന്ന ചീത്ത വിളികൾ നടത്തുന്നത് ഇപ്പോൾ പതിവാണ്. പുറം ലോകം അറിയാത്ത അനവധി നിരവധി സംഭവ വികസങ്ങളും നടന്നു കൊണ്ടിരിക്കുന്നു.
കലാകാരന്മാർക്കെതിരെയുള്ള കയ്യേറ്റങ്ങളും അപമാനങ്ങളും തുടർക്കഥയാവുകയാണ്.
ജാസി ഗിഫ്റ്റിനെയും സഹഗായകരേയും അപമാനിച്ചതിലും, രാഹുൽ കൊച്ചാപ്പിയെ ആക്രമിച്ചതിലും , നാട്ടുമൊഴി നാടൻപാട്ട് സംഘത്തെ പോലീസ് മർദ്ദനത്തിലും എല്ലാ കലാകാരന്മാർക്കു വേണ്ടിയും പ്രതിഷേധിക്കുന്നുവെന്ന് അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us