10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ താമരശ്ശേരി താലൂക്ക്‌ സർവേയർ പിടിയിൽ

കോഴിക്കോട് താമരശ്ശേരി താലൂക്ക് സർവ്വേയറായ അബ്‌ദുൾ നസീർ എം ആണ് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായത്. കോഴിക്കോട് കൂടരങ്ങി സ്വദേശിയുടെ പരാതിയിലാണ് നടപടി. 

New Update
survey

കോഴിക്കോട്‌: കൈക്കൂലി വാങ്ങുന്നതിനിടയിൽ താലൂക്ക് സർവ്വേയർ വിജിലന്‍സ് പിടിയിലായി. കോഴിക്കോട് താമരശ്ശേരി താലൂക്ക് സർവ്വേയറായ അബ്‌ദുൾ നസീർ എം ആണ് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായത്. കോഴിക്കോട് കൂടരങ്ങി സ്വദേശിയുടെ പരാതിയിലാണ് നടപടി. 

Advertisment

റോഡ് വികസനത്തിനായി വിട്ടുനൽകിയ ഭൂമി കഴിച്ച് അവശേഷിക്കുന്ന വസ്‌തു അളന്ന് തിട്ടപ്പെടുത്താൻ പരാതിക്കാരൻ കൂടരഞ്ഞി വില്ലേജിൽ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ തുടർ നടപടികൾക്കായി താമരശ്ശേരി താലൂക്ക് സർവ്വേയർക്ക് കൈമാറിയെങ്കിലും നടപടികൾ ഉണ്ടായില്ല.

തുടർന്ന് പരാതിക്കാരൻ താലൂക്ക് സർവ്വേയറായ അബ്‌ദുൾ നസീറിനെ സമീപിച്ചപ്പോൾ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയും പരാതിക്കാരൻ ഗൂഗിൾ പേ വഴി ഇത് നൽകുകയും ചെയ്‌തു. എന്നാൽ ഇതിനുശേഷവും നടപടികൾ ഉണ്ടാകാത്തതിനെ തുടർന്ന് ഇക്കഴിഞ്ഞ 19ാ-ം തീയതി പരാതിക്കാരൻ വീണ്ടും നസീറിനെ സമീപിച്ചപ്പോൾ വസ്‌തു അളന്ന് സ്‌കെച്ച് നൽകുന്നതിന് വീണ്ടും പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

ഇതോടെ പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയും വിജിലൻസ് നൽകിയ തുക കൈക്കൂലിയായി നൽകുകയും ചെയ്‌തു. ഇതിന് പിന്നാലെ കോഴിക്കോട് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഇ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം നസീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisment