/sathyam/media/media_files/i3KvMBRzF950eyqO0src.jpg)
നടുവണ്ണൂർ: യു.എ.ഇയിലെ നടുവണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ നടുവണ്ണൂരകത്തിൻ്റെ ആഭിമുഖ്യത്തിൽ നടുവണ്ണൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പരിചരണത്തിൽ കഴിയുന്ന മുഴുവൻ കിടപ്പുരോഗികൾക്കും ഓണക്കിറ്റുകൾ നൽകി.
നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ മാസ്റ്റർ നടുവണ്ണൂരകം പ്രതിനിധികളായ കെകെ മൊയ്തീൻ കോയ, നിജീഷ് വിനോയ് കാഞ്ഞിക്കാവ്, എ.പി. ഷാജി എന്നിവരിൽ നിന്ന് 62 കിറ്റുകൾ ഏറ്റുവാങ്ങി.
പാലിയേറ്റിവ് സൊസൈറ്റി പ്രസിഡന്റ് മലോൽ പി. നാരായണൻ മാസ്റ്റർ ചടങ്ങിൽ ആധ്യക്ഷത വഹിച്ചു. കെ. മൊയ്തു മാസ്റ്റർ, പി.കെ. നാരായണൻ മാസ്റ്റർ, ഇബ്രാഹിം മണോളി, എൻ. ആലി, എം.കെ. ബാബു, പി. സുധൻ, അബ്ദുറഹ്മാൻ തിരുമംഗലത്ത് എന്നിവർ പ്രസംഗിച്ചു.
പ്രവാസലോകത്ത് ജീവിക്കുമ്പോഴും സ്വന്തം ഗ്രാമത്തിലെ ഓരോ സ്പന്ദങ്ങളും അറിഞ്ഞും അന്വേഷിച്ചും ജീവകാരുണ്യപരമായി ഇടപെടുന്ന 'നടുവണ്ണൂരക'ത്തിന്റെ സന്നദ്ധതയെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരൻ മാസ്റ്റർ ഉൾപ്പെടെ പ്രസംഗകർ എടുത്തു പറഞ്ഞു.
വിഭിന്നതകൾക്കൊക്കെ അതീതമായി മാനവികതയെ മുറുകെ പിടിക്കുന്ന നടുവണ്ണൂരിന്റെ സാംസ്കാരിക സാമൂഹ്യ പൈതൃകത്തിന്റെ തുടിപ്പുള്ള ഉദാഹരണമാണ് പാലിയേറ്റിവ് സൊസൈറ്റിയെന്നും അവരുടെ കാരുണ്യ സംരംഭങ്ങളിൽ പങ്കാളികളാവുന്നത് നടുവണ്ണൂരകത്തിന് അഭിമാനകരമാണെന്നും നടുവണ്ണൂരകം ഭാരവാഹികൾ പറഞ്ഞു.
ഉമ്മർ കോയ ഒതയോത്ത്, ഹഫ്‌സൽ കെ.പി എന്നിവർ നേതൃത്വം നൽകി. സൊസൈറ്റി സെക്രട്ടറി സി. എം. നാരായണൻ സ്വാഗതവും വൈസ് പ്രസിഡന്റ് യു.കെ. ഇസ്മായിൽ നന്ദിയും പറഞ്ഞു.