/sathyam/media/media_files/BbFbTBsFjPhJptVvgrJf.jpg)
കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. ഫറൂഖ് എസിപി സാജു കെ എബ്രഹാമാണ് അന്വേഷണ സംഘം തലവൻ. ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണ് രൂപീകരിച്ചത്. പൊലീസ് വീഴ്ചയിലും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
എഡിജിപി എം ആർ അജിത് കുമാർ ആണ് പൊലീസ് വീഴ്ചയിൽ അന്വേഷണത്തിന് നിർദേശം നൽകിയത്. പൊലീസ് നടപടിയിലെ വീഴ്ച അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സിറ്റി പോലീസ് കമ്മീഷണർക്കാണ് ആണ് നിർദേശം നൽകിയിട്ടുള്ളത്.
പന്തീരങ്കാവ് എസ്എച്ച്ഒ എഎസ് സരിൻ ഉൾപ്പടെ നേരത്തെ കേസ് അന്വേഷിച്ചവരെ കേസിൻ്റെ ചുമതലയിൽ നിന്നും ഒഴിവാക്കി. ഫറൂഖ് എസിപിക്ക് അന്വേഷണച്ചുമതല നൽകാൻ നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകിയിരുന്നു.
അതേസമയം കേസിലെ പ്രതി രാഹുൽ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ പുറത്തുവന്നു. ഇയാൾ വിവാഹത്തട്ടിപ്പ് വീരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചു.
കോട്ടയത്തും എറണാകുളത്തും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായാണ് വിവരം.
രാഹുലുമായി വിവാഹം ഉറപ്പിച്ച യുവതികളാണ് പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയാണ് പരാതി. ഒടുവിൽ രജിസ്റ്റർ ചെയ്ത യുവതി രാഹുലിൻ്റെ സ്വഭാവ വൈകല്യം മനസ്സിലാക്കിയതോടെ വിവാഹ മോചനം തേടുകയായിരുന്നു.
നിയമപരമായി വിവാഹമോചനം നേടും മുമ്പാണ് പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നടന്നത്. മുൻ വിവാഹങ്ങളുടെ വിവരം രാഹുലിൻ്റെ കുടുംബം മറച്ചുവെച്ചെന്ന് യുവതിയുടെ പിതാവ് പറയുന്നു.