അനുവിനെ കൊന്നത് 10 മിനിട്ട് കൊണ്ട്! പ്രതി പലതവണ പ്രദേശത്ത് കറങ്ങി

New Update
Perambra Anu Murder Case

കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് 26കാരിയെ തോട്ടിൽ കൊലപ്പെടുത്തി ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതിയായ മുജീബ് റഹ്മാൻ വാളൂർ സ്വദേശി അനുവിനെ പത്ത് മിനിട്ട് കൊണ്ടാണ് ബൈക്കിൽ കയറ്റി കൃത്യം നടത്തിയ സ്ഥലത്തെത്തി തോട്ടിൽ തള്ളിയിട്ട് ആഭരണങ്ങൾ ഊരി രക്ഷപ്പെട്ടത്.

Advertisment

കൊലയ്ക്ക് മുമ്പ് ഇയാൾ പലതവണ പ്രദേശത്ത് കറങ്ങി. ഇതിന്‍റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകം നടത്തിയ അതേ റോഡിലാണ് സംഭവദിവസം മുജീബ് പല തവണ കടന്നുപോയത്.

മോഷണം നടത്തണമെന്ന ലക്ഷ്യത്തോടെയാണ് ഇയാൾ ഇടറോഡിലേക്ക് കയറി നിരീക്ഷിച്ചത്. ഇതിനിടെയാണ് അനുവിനെ കാണുന്നതും കൊലപാതകം നടത്തുന്നതും. ബലാത്സംഗം ഉൾപ്പെടെ അൻപതിലധികം കേസുകളിൽ പ്രതിയാണ് മുജീബ് റഹ്മാൻ.

മോഷ്ടിച്ച ബൈക്കിൽ മട്ടന്നൂരിൽ നിന്നും പേരാമ്പ്ര വഴി മലപ്പുറത്തേക്ക് വരുകയായിരുന്ന പ്രതി പ്രധാന റോഡിൽ നിന്നും അധികമാരും സഞ്ചരിക്കാത്ത ഇട റോഡിലേക്ക് കയറി പലതവണ കറങ്ങി. വലിയ വാഹനങ്ങൾ പോകാത്തതാണ് മുളിയങ്ങൾ- വാളൂർ അമ്പലം  റോഡ്.

ഇവിടെ മാത്രം രാവിലെ ഒമ്പത് മണിക്ക് ശേഷം പ്രതി മൂന്ന് തവണ കറങ്ങി. ഇതിനിടെ ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോകാനായി തിടുക്കത്തിൽ നടന്നുവരുന്ന അനുവിനെ കണ്ടത്.

പിന്നാലെ അനുവിനെ തെറ്റിദ്ധരിപ്പിച്ച് ബൈക്കിൽ കയറ്റുകയായിരുന്നു. അടുത്ത ജംക്‌ഷനിൽ നിൽക്കുന്ന ഭർത്താവിന് സമീപം എത്തിക്കാമെന്നാണ് ഇയാൾ പറഞ്ഞത്.യുവതി ഇത് വിശ്വസിച്ച് ബൈക്കിൽ കയറിയെങ്കിലും അല്ലിയോറയിലെത്തിയപ്പോൾ പ്രതി തോട്ടിൽ തള്ളിയിട്ട് കൊലപ്പെടുത്തി സ്വർണവുമായി കടന്നുകളയുകയായിരുന്നു.

കൃത്യത്തിന് ശേഷം ഹെൽമെറ്റ് ധരിച്ചാണ് ഇയാൾ സ്ഥലം വിട്ടത്. പത്ത് മണിയോടെ ഉള്ളിയേരി ഭാഗത്തേക്കാണ് ഇയാൾ പോയത്. സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ മൊബൈൽ ഫോൺ രേഖകളും അടക്കം ശേഖരിച്ചായിരുന്നു പൊലീസ് നീക്കം.  സംഭവ സമയത്ത് ഉപയോഗിച്ചെന്ന് കരുതുന്ന പ്രതിയുടെ ബൈക്കും എടവണ്ണപ്പാറയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Advertisment