രാമക്ഷേത്രം നിർമിച്ചതാണോ നേട്ടം? എല്ലാ ആരാധനാലയങ്ങളെയും ഒരു പോലെ കാണുന്നവരാണ് കോൺഗ്രസ്‌; വർഗീയതയെ ഇല്ലാതാക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ; ചിലർ പോയെന്ന് കരുതി പാർട്ടി തകരില്ല: ഇനിയും മോദി അധികാരത്തിൽ വന്നാൽ ജനാധിപത്യത്തിൻ്റെ അവസാനമായിരിക്കുമെന്ന് ചെന്നിത്തല

New Update
chennithala

കോഴിക്കോട്: വർഗീയതയെ ഇല്ലാതാക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂവെന്ന് രമേശ് ചെന്നിത്തല. ഇനിയും മോദി അധികാരത്തിൽ വന്നാൽ ജനാധിപത്യത്തിൻ്റെ അവസാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

കർഷകർക്കും സാധാരണക്കാർക്കും നൽകിയ ഗ്യാരൻ്റി നിറവേറ്റാൻ മോദിക്ക് സാധിച്ചില്ല. രാമക്ഷേത്രം നിർമിച്ചതാണോ നേട്ടമെന്ന് ചോദിച്ച ചെന്നിത്തല എല്ലാ ആരാധനാലയങ്ങളെയും ഒരു പോലെ കാണുന്നവരാണ് കോൺഗ്രസെന്നും വ്യക്തമാക്കി.

പത്ത് വർഷത്തെ നേട്ടം പറയാതെ രാമക്ഷേത്ര നിർമാണം, സിവിൽ കോഡ്, കശ്മീർ വിഷയമെല്ലാം മോദി പറയുന്നു. വർഗീയത ആളിക്കത്തിക്കുന്ന കാര്യങ്ങൾ മാത്രം പറയുന്നു. സ്വാർത്ഥ താൽപര്യം കൊണ്ട് ചിലർ പാർട്ടി വിട്ടേക്കാം. എന്നാൽ അണികൾ അവർക്കൊപ്പം പോവില്ല. ചില നേതാക്കൾ പോയെന്ന് കരുതി പാർട്ടി തകരില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ മാത്രം ഒതുങ്ങുന്ന പാർട്ടിയാണ് സിപിഐഎം. കോഴി കോട്ടുവായ ഇടുന്നതു പോലെയാണ് സിപിഐഎം ദേശീയ രാഷ്ട്രീയം പറയുന്നത്. ഇരുപത് സീറ്റും യുഡിഎഫ് നേടും. കേരളത്തിലെ തുടർഭരണം ബിജെപിയുടെ സംഭാവനയാണ്.

കോൺഗ്രസ് മുക്ത ഭാരതമാണ് സിപിഐഎമ്മിൻ്റെയും ബിജെപിയുടെയും ലക്ഷ്യം.സിപിഐഎമ്മിന് ചെയ്യുന്ന വോട്ട് ഫലത്തിൽ ബിജെപിയെ സഹായിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

Advertisment