/sathyam/media/media_files/gjQDlE0CHBcL4YEDayQT.jpg)
കോഴിക്കോട്: സിപിഐഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തിൽ കലാശിച്ചത് വ്യക്തിവൈരാ​ഗ്യമെന്ന് പൊലീസ്. കേസിൽ കസ്റ്റഡിയിലുള്ള പ്രതി അഭിലാഷ് സ്ഥിരമായി ലഹരിമരുന്ന് ഉപയോ​ഗിച്ചിരുന്നു. ഇതിനെ സത്യനാഥൻ പലവട്ടം ചോദ്യം ചെയ്തത് അഭിലാഷിനെ കൃത്യത്തിന് പ്രേരിപ്പിച്ചെന്ന് പൊലീസ് പറയുന്നു.
ഇരുവരുടെയും വീടുകൾ അടുത്തടുത്താണ്. അഭിലാഷ് ലഹരി മാഫിയയിൽ ഉൾപെട്ടയാളാണ് എന്നാണ് വിവരം. ഇയാളുടെയും സംഘത്തിന്റെയും ലഹരി ഉപയോഗം സത്യൻ നിരന്തരം ചോദ്യം ചെയ്തത് അഭിലാഷിനെ ചൊടിപ്പിച്ചിരുന്നു.
ഇതിലുള്ള വൈരാ​ഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിലവിലെ നി​ഗമനം. രണ്ട് വർഷം മുൻപ് അഭിലാഷ് സത്യൻ്റെ വീട് ആക്രമിച്ചിരുന്നതായും വിവരമുണ്ട്.സത്യനാഥന്റെ കൊലപാതകത്തിൽ പ്രതി അഭിലാഷിന്റെ അറസ്റ്റ് ഉടനുണ്ടാകും.
പ്രതി കുറ്റം സമ്മതിച്ചതായും ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നും വടകര ഡിവൈഎസ്പി പറഞ്ഞു. വ്യക്തിവൈരാ​ഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വിശദമായ അന്വേഷണം നടത്തും.
കൃത്യത്തിൽ അഭിലാഷിന് മാത്രമാണ് പങ്കുള്ളതെന്നും പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് സത്യനാഥൻ കൊല്ലപ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us