കോഴിക്കോട്: എംടി വാസുദേവന്‍ നായര്‍ കോഴിക്കോട് നടത്തിയ പ്രസംഗം കേന്ദ്ര സര്‍ക്കാരിനേയും സംസ്ഥാന സര്‍ക്കാരിനേയും വിമര്‍ശിച്ചുകൊണ്ടായിരുന്നെന്ന് സാഹിത്യകാരന്‍ സേതു.
എംടി പറഞ്ഞത് വളരെ ശരിയാണെന്നും അധികാര ദുര്‍വിനിയോഗമാണ് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'എംടി പറഞ്ഞത് വളരെ വളരെ ശരിയാണ്. അധികാരം ദുഷിപ്പിക്കും എന്നു പറയുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയല്ലേ.
അധികാരത്തിന്റെ ദുര്‍വിനിയോഗം ഒരുപാട് സ്ഥലങ്ങളിലേക്ക് കടന്നുപോവുന്നുണ്ട്. ഡല്‍ഹിയില്‍ ആയാലും കേരളത്തിലായാലും ഇങ്ങനെയാണ്. എംടി രണ്ടിനേയും ഉദ്ദേശിച്ചു തന്നെയാണ് പറഞ്ഞത്. എനിക്കതില്‍ സംശയമില്ല. നമ്മള്‍ വളരെ അധികം ഇഷ്ടപ്പെടുന്നവര്‍ പോലും മാറുകയാണ്.'- സേതു പറഞ്ഞു.
'കോഴിക്കോട്ടെ അദ്ദേഹത്തിന്റെ പ്രസംഗം വലിയ ബോംബ് ആയിരുന്നു. പുള്ളി അങ്ങനെ കയറി ഇടപെടാറില്ല. അഴീക്കോടാണ് ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഓഡിയന്‍സ് അദ്ദേഹത്തിനൊരു വീക്ക്‌നെസ് ആണ്. പുള്ളിക്ക് ഓഡിയന്‍സ് വേണം. അഴീക്കോട് ഒരു പെര്‍ഫോര്‍മര്‍ ആയിരുന്നു. മോദി നല്ല പെര്‍ഫോര്‍മര്‍ അല്ലേ.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.