കോഴിക്കോട്ടെ ഷബ്നയുടെ മരണം: ഗാർഹിക പീഡനത്തിൻറെ കൂടുതൽ തെളിവുകൾ പുറത്ത്

New Update
shabnaa

കോഴിക്കോട്: ഓർക്കാട്ടേരിയിൽ ഷബ്ന എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്തുവന്നു. ഷബ്നയെ ഭർത്താവിൻറെ ബന്ധുക്കൾ ഭീഷണിപ്പെടുത്തുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

Advertisment

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷബ്ന ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടുകാർ ഷബ്നയെ ചീത്ത വിളിക്കുന്നത് വീഡിയോ ദൃശ്യത്തിൽ വ്യക്തമാണ്.  ഷബ്ന തന്നെയാണ് ഫോണിൽ വീഡിയോ പകർത്തിയത്. വിവാഹ ബന്ധം വേർപെടുത്തുന്നതിനെക്കുറിച്ച് വരെ ഭർതൃവീട്ടുകാർ ഷബ്നയോട് സംസാരിക്കുന്നുണ്ട്.

ഭർത്താവിൻറെ അമ്മാവൻ ഹനീഫ, ഷബ്നയെ അടിച്ചതായും റിപ്പോർട്ടുണ്ട്. ഈ സംഭവത്തിന് പിന്നാലെയാണ്  ഷബ്ന ജീവനൊടുക്കിയത്. ഷബ്നയെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ ഹനീഫ സംസാരിക്കുന്നത് വീഡിയോയിൽ കാണാം.  ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുതെന്നായിരുന്നു ഇയാളുടെ ഭീഷണി. 

അതേസമയം, ഷബ്നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ഷബ്നയുടെ ബന്ധുക്കളുടെ പരാതിയിൽ പറയുന്ന ഭർത്താവിൻറെ മാതാപിതാക്കൾ, സഹോദരി എന്നിവരെ പൊലീസ് ചോദ്യം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

ഷബ്ന മരിക്കുന്ന ദിവസം ഇവരെല്ലാം വീട്ടിലുണ്ടായിരുന്നു. ഷബ്നയെ മർദിച്ച ഹനീഫയെ അറസ്റ്റ് ചെയ്ത ശേഷം റിമാൻഡ് ചെയ്തിട്ടുണ്ട്. ഷബ്ന മുറിയിൽ കയറി വാതിൽ അടച്ചപ്പോൾ രക്ഷിക്കാൻ അപേക്ഷിച്ചിട്ടും ആരും തയ്യാറായില്ലെന്ന് മകൾ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. 

ആത്മഹത്യാപ്രേരണ, അടിച്ച് പരിക്കേൽപ്പിക്കൽ, സ്ത്രീധന നിരോധനനിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതി ഹനീഫയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹനീഫ ഷെബിനയെ മർദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ബന്ധുക്കൾ നേരത്തെ പുറത്തുവിട്ടിരുന്നു.

ഇതിനുപിന്നാലെയാണ് വെള്ളിയാഴ്ച രാത്രിയോടെ ഹനീഫയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരേ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉന്നയിച്ചിരുന്നത്.

Advertisment