മുഖ്യമന്ത്രിയുടെ പ്രതികരണം യാദൃശ്ചികമെന്ന് കരുതാനാവില്ല. അക്രമികള്‍ക്ക് മുസ്‌ലിം ചാപ്പ കുത്തിയത് സംഘ്പരിവാര്‍ രീതിയാണ്. മതവും നിറവും നോക്കി വര്‍ഗീയവാദികളുടെ രീതിയില്‍ മുഖ്യമന്ത്രി താഴാന്‍ പാടില്ല; ആരുടെ കയ്യടി നേടാനാണ് മുഖ്യമന്ത്രി അവാസ്ഥവം ആരോപിച്ചത്? പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി 'സുപ്രഭാതം'

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
cmmUntitled0

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുഖപത്രം 'സുപ്രഭാതം'.

Advertisment

ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവരുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍, ഈരാറ്റുപേട്ടയില്‍ വൈദികനെ വണ്ടികയറ്റാന്‍ ശ്രമിച്ചെന്ന കേസില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തിനെതിരെയാണ് വിമര്‍ശനം.  

മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം

മുഖ്യമന്ത്രിക്ക് ഇതെന്തുപറ്റി !

പൂഞ്ഞാറിലെ ക്രിസ്ത്യന്‍ പള്ളിമുറ്റത്ത് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ നടത്തിയ അതിക്രമത്തെ മതം നോക്കി വിലയിരുത്തി, മുസ്-ലിം വിഭാഗം കാട്ടിയ തെമ്മാടിത്തമെന്ന് അധിക്ഷേപം ചൊരിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ മതേതര കേരളത്തെ അമ്പരപ്പിച്ചു.

അതിക്രമം കാട്ടിയ കുട്ടികളോ അതു നേരിട്ട പള്ളി വികാരിയോ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ദൃക്സാക്ഷികളോ അന്നാട്ടുകാരോ കാണാത്ത, ചിന്തിക്കാത്ത തലത്തിലേക്ക് ആ വിഷയത്തെ വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിച്ചവരുടെ നാവായി മുഖ്യമന്ത്രി മാറിയത് പൊതുസമൂഹത്തെ ഒട്ടൊന്നുമല്ല അസ്വസ്ഥമാക്കിയത്.

ഒരു ചെറിയ കൂട്ടം വിദ്യാര്‍ഥികളുടെ തീര്‍ത്തും തെറ്റായ അക്രമപ്രവര്‍ത്തനത്തെ ആ വിധത്തില്‍ കാണുന്നതിനും കൈകാര്യം ചെയ്യുന്നതിനും പകരം അക്രമികള്‍ക്ക് മുസ് ലിംചാപ്പ കുത്തിയത് സംഘ്പരിവാര്‍ രീതിയായിപ്പോയി. നാട്ടില്‍ വാഹനാപകടം ഉണ്ടായാലും അതിര്‍ത്തി തര്‍ക്കമുണ്ടായാലും വ്യക്തികള്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടായാലും അതിലൊക്കെ മതനിറം നോക്കി ഇടപെടുന്ന വര്‍ഗീയ വാദികളുടെ രീതിയിലേക്ക് കേരളത്തിന്റെ മുഖ്യമന്ത്രി താഴ്ന്നുപോവാന്‍ പാടില്ലായിരുന്നു. ആരെ സുഖിപ്പിക്കാനാണ്, ആരുടെ കൈയടി നേടാനാണ് മുഖ്യമന്ത്രി അവാസ്തവമായ ഒരു കാര്യം ആരോപിച്ചത് !

തെരഞ്ഞെടുപ്പ് കാലമായതിനാല്‍ തൊടുന്നതിലൊക്കെ രാഷ്ട്രീയ താല്‍പര്യം കാണുന്ന പതിവ് ശൈലി മാത്രമല്ല അത്. മറിച്ച് ഒരു വിഭാഗത്തെ പൊതുബോധത്തില്‍ ബോധപൂര്‍വമായി കുഴപ്പക്കാരാക്കി ചിത്രീകരിക്കുകയായിരുന്നു. ഇസ്-ലാമോഫോബിയ എന്നത് ഫാസിസ്റ്റുകളുടെ രീതിയാണ്. കാണുന്നതിലും കേള്‍ക്കുന്നതിലും ചിന്തിക്കുന്നതിലും വരെ ഇസ്-ലാംവിരുദ്ധത കെട്ടിപ്പൊക്കുകയെന്നത് സംഘ്പരിവാര്‍ കാലങ്ങളായി പ്രയോഗിക്കുന്ന വിഷലിപ്തമായ ആയുധങ്ങളിലൊന്നാണ്. അതേ രീതിയില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും പെരുമാറാമോ.

''''എന്തു തെമ്മാടിത്തമാണ് യഥാര്‍ഥത്തില്‍ അവിടെ കാട്ടിയത്. ആ ഫാദറിനു നേരെ വാഹനം കയറ്റുകയായിരുന്നു. അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ചെറുപ്പക്കാരുടെ സെറ്റെന്ന് പറയുമ്പോള്‍ എല്ലാവരും ഉണ്ടാകും എന്നല്ലേ നമ്മള്‍ കരുതുക. എന്നാല്‍, അതില്‍ മുസ് ലിം വിഭാഗക്കാര്‍ മാത്രമാണുണ്ടായത്. ഒരു വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ചതല്ല''. ഇതായിരുന്നു തിരുവനന്തപുരത്തെ മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം.

സംഭവം നടന്ന് ദിവസങ്ങള്‍ക്കു ശേഷം മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിക്കെത്തിയ മുഖ്യമന്ത്രി ഇത്തരത്തില്‍ മുസ്-ലിംവിരുദ്ധ പ്രസ്താവന നടത്തിയത് യാദൃഛികമെന്ന് കരുതാനാകില്ല. സംഭവത്തിനു പിന്നിലെ സത്യമെന്തെന്ന് മനസിലാക്കാന്‍ അദ്ദേഹത്തിന് മുന്നില്‍ ഉപദേശകരും പൊലിസ് റിപ്പോര്‍ട്ടും സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരകരും മാത്രമല്ല, ഉള്ളതെന്ന് പിണറായി വിജയനെ അടുത്തറിയുന്ന ആര്‍ക്കും മനസിലാവുന്ന കാര്യമാണ്. ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിനെ പോലെ അപക്വമായി മുഖ്യമന്ത്രി സംസാരിക്കുന്നത് നാടിന് നല്ലതല്ല.

ഏതു വസ്തുതകളുടെ പിന്‍ബലത്തിലാണ് പൂഞ്ഞാറില്‍ മുസ്-ലിം വിദ്യാര്‍ഥികള്‍ തെമ്മാടിത്തം കാട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞത്. പൊലിസ് റിപ്പോര്‍ട്ട് ഉദ്ധരിച്ചോ, പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ നിന്നുള്ള വിവരം അനുസരിച്ചോ?. രണ്ടായാലും അതു തെറ്റായ വിവരമാണെന്ന് അന്നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

സംഭവസ്ഥലത്തെ ദൃക്സാക്ഷികള്‍, നാട്ടിലെ വിവിധ സമുദായ, രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എല്ലാം ഒരേ സ്വരത്തില്‍ വ്യാജമെന്ന് സാക്ഷ്യപ്പെടുത്തിയ സംഭവം മുസ്-ലിം വിഭാഗത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള വടിയായി മുഖ്യമന്ത്രി ഉപയോഗിച്ചത് കേവലം ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല.

ഫെബ്രുവരി 23ന് ഈരാറ്റുപേട്ടയ്ക്കടുത്ത പൂഞ്ഞാര്‍ സെന്റ്‌മേരീസ് ഫൊറോന പള്ളിയിലെ അനിഷ്ട സംഭവങ്ങളാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് ആധാരം. ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളുടെ ഫെയര്‍വെല്‍ ആഘോഷത്തിന്റെ ഭാഗമായി പള്ളിമുറ്റത്തെത്തിയ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ബൈക്ക് റേസ് നടത്തി.

 പുറത്തെ ബഹളം കാരണം പ്രാര്‍ഥന തടസപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ അസിസ്റ്റന്റ് വികാരി ഫാദര്‍ തോമസ് ആറ്റുച്ചാലുമായി വിദ്യാര്‍ഥികള്‍ തര്‍ക്കിക്കുകയും അദ്ദേഹത്തെ ബൈക്കിടിച്ച് വീഴ്ത്തുകയും ചെയ്തു.

ഒരു കാരണവശാലും സംഭവിക്കാന്‍ പാടില്ലാത്ത അതിക്രമം തന്നെയാണ് കുട്ടികളുടെ ഭാഗത്തുനിന്നുണ്ടായത്. മാതൃകാപരമായി അവര്‍ അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കുകയും വേണം. എന്നാല്‍, ആ സംഭവത്തെ വഴിതിരിച്ചുവിട്ട് വര്‍ഗീയ പ്രചാരണത്തിന് ചിലര്‍ ശ്രമിച്ചതോടെയാണ് വിവാദം പുറംലോകമറിഞ്ഞത്.

മുസ്‌ലിം വിഭാഗക്കാരുടെ പേക്കൂത്തെന്നാണ് പല സംഘ് അനുകൂല ഹാന്‍ഡിലുകളും എഴുതിവിട്ടത്. സംഭവത്തെ ദുര്‍വ്യാഖ്യാനം ചെയ്തും വ്യാജ ഉള്ളടക്കങ്ങള്‍ നല്‍കിയും മുസ്-ലിംവിരുദ്ധ പ്രചാരണം കൊണ്ടുപിടിക്കുന്നതിനിടെ യാഥാര്‍ഥ ചിത്രവുമായി ചില സഭാ വിശ്വാസികളും നാട്ടുകാരും രംഗത്തുവന്നു.

സംഭവത്തിന് സാമുദായിക നിറം നല്‍കരുതെന്നും വ്യാജ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും പൂഞ്ഞാറിലെയും ഈരാറ്റുപേട്ടയിലെയും ആളുകള്‍ വ്യക്തമാക്കുന്നുണ്ടായിരുന്നു. സംഭവം വഴിതിരിച്ചുവിടുന്നത് തടയുന്നതിന് ഈരാറ്റുപേട്ടയില്‍ സര്‍വകക്ഷി യോഗവും ചേര്‍ന്നിരുന്നു.

നാട്ടുകാര്‍ക്കും പള്ളിയില്‍ അന്നേരമുണ്ടായിരുന്ന വിശ്വാസികള്‍ക്കും സ്‌കൂളിലെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഉള്‍പ്പെടെ അറിയുന്നൊരു സത്യത്തെയാണ് സ്ഥാപിത താല്‍പര്യം കുത്തിത്തിരുകിയുള്ള പ്രചാരണത്തിന് വിദ്വേഷ-വിചാരധാരക്കാര്‍ ഉപയോഗിച്ചതെന്ന് സര്‍വക്ഷി യോഗത്തില്‍ സംസാരിച്ചവര്‍ വ്യക്തമാക്കി. എന്നാ,ല്‍ ദുഷ്പ്രചാരണങ്ങള്‍ക്ക് ബലം നല്‍കുന്ന വിധത്തിലായിരുന്നു പൊലിസ് നടപടികള്‍.

സംഭവത്തില്‍ സംഘ്പരിവാറും ചില തീവ്ര നിലപാടുള്ള ക്രിസ്ത്യന്‍ സംഘടനകളും നടത്തിയ പ്രചാരണത്തെ ശരിവച്ചുകൊണ്ട് പള്ളി വികാരിയെ കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസില്‍ മുസ് ലിം വിദ്യാര്‍ഥികളെ മാത്രം തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു പൊലിസ്.

തങ്ങളുടെ കുട്ടികളെ മാത്രം പിടിച്ചുകൊണ്ടു പോകുന്നുവെന്ന് അന്നാട്ടിലെ പള്ളിക്കമ്മിറ്റികളും സമുദായ സംഘടനകളും പരസ്യമായി പരാതിപ്പെടേണ്ട സാഹചര്യം വരെയുണ്ടായി. ഇതാവട്ടെ, വര്‍ഗീയതയ്‌ക്കെതിരേ വിട്ടുവീഴ്ചയില്ലെന്ന് ഇടതുപക്ഷം ആവര്‍ത്തിക്കുന്ന കേരളത്തിലാണെന്നത് ആരെയും അമ്പരപ്പിക്കുന്നതാണ്.

പൂഞ്ഞാര്‍ സംഭവത്തില്‍ യഥാര്‍ഥ വസ്തുതകള്‍ മനസിലാക്കാന്‍ തയാറാവാതെ സമുഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരകരുടെ പോസ്റ്റുകള്‍ വിശ്വാസത്തിലെടുത്തതു പോലുള്ള പരാമര്‍ശമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. സംഭവം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നതിനു പകരം ആരെയൊക്കെയോ പ്രീതിപ്പെടുത്താനുള്ള പരിശ്രമമാണ് മുഖ്യമന്ത്രിയുടെ പ്രസ്താനക്ക് പിന്നിലുള്ളതെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല.

അടിസ്ഥാനരഹിതവും അധിക്ഷേപകരവുമായ പ്രസ്താവനയിലൂടെ മുസ്-ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഖേദം പ്രകടിപ്പിക്കുക മാന്യതയായിരുന്നു. എന്നാല്‍, അതുണ്ടായിട്ടില്ല.

മതേതര കേരളത്തില്‍ മുസ്-ലിംക്രിസ്ത്യന്‍ സംഘര്‍ഷത്തിലൂടെ തങ്ങളുടെ വിശാല ലക്ഷ്യത്തിലേക്കുള്ള വഴിവെട്ടുകയാണ് സംഘ്പരിവാര്‍ എന്ന കാര്യം അറിയാവുന്ന മുഖ്യമന്ത്രി തന്നെ അതിന് ചൂട്ട് പിടിക്കുന്ന സമീപനം സ്വീകരിക്കരുത്.

Advertisment