Advertisment

ആക്രമിച്ചയാളുടെ പിതാവിന്റെ പേരിൽ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളതെന്ന് കെ.എസ്.ഇ.ബി; നിയമനടപടികളുമായി മുന്നോട്ടെന്നും പ്രസ്താവന; തിരുവമ്പാടി വൈദ്യുതി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘര്‍ഷം; സത്യവാങ്മൂലത്തിൽ ഒപ്പ് വെക്കാൻ തയ്യാറാകാതെ റസാഖും കുടുംബവും; കളക്ടറുടെ നിര്‍ദ്ദേശപ്രകാരം തഹസില്‍ദാറുടെ അനുനയചര്‍ച്ച; വൈദ്യുതി ഉടൻ പുനഃസ്ഥാപിച്ചേക്കും

ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് സത്യവാങ്മൂലം നൽകണമെന്ന് തഹസീൽദാർ നിർദ്ദേശിച്ചു. സത്യവാങ്മൂലത്തിൽ ഒപ്പ് വെക്കാൻ റസാക്കും കുടുംബവും തയ്യാറായില്ലെന്നാണ് വിവരം

New Update
kseb mUntitled.jpg

കോഴിക്കോട്: തിരുവമ്പാടിയിലെ റസാഖിന്റെ വീട്ടിലെ വൈദ്യുതി ബന്ധം ഇന്ന് തന്നെ കെ.എസ്.ഇ.ബി. പുനഃസ്ഥാപിച്ചേക്കും. ഇന്നു തന്നെ പുനഃസ്ഥാപിക്കുമെന്ന് താമരശേരി തഹസിൽദാർ വ്യക്തമാക്കി. കോഴിക്കോട് ജില്ലാ കളക്ടറുടെ നിർദ്ദേശത്തെത്തുടർന്ന് തഹസിൽദാർ റസാഖിന്റെ വീട്ടിലെത്തി അനുനയചർച്ച നടത്തി. 

Advertisment

ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് സത്യവാങ്മൂലം നൽകണമെന്ന് തഹസീൽദാർ നിർദ്ദേശിച്ചു. സത്യവാങ്മൂലത്തിൽ ഒപ്പ് വെക്കാൻ റസാക്കും കുടുംബവും തയ്യാറായില്ലെന്നാണ് വിവരം.

ജീവനക്കാരെയോ ഓഫിസിനെയോ ഇനി ആക്രമിക്കില്ല എന്ന ഉറപ്പു ലഭിച്ചാൽ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കാൻ വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി കെഎസ്ഇബിയ്ക്ക് നിർദ്ദേശം ന‍ൽകിയിരുന്നു. 

തിരുവമ്പാടി കെ.എസ്.ഇ.ബി. ഓഫീസിലേക്ക് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ റാന്തൽ മാർച്ചിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.

ബില്ലടക്കാത്തതിനെത്തുടർന്ന് കെ.എസ്.ഇ.ബി., റസാഖിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. പിന്നാലെ റസാഖിന്റെ മക്കൾ കെ.എസ്.ഇ.ബി. ഓഫീസ് അടിച്ചു തകർക്കുകയും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തിരുന്നു. 

ആക്രമിച്ചയാളുടെ പിതാവിന്റെ പേരിൽ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളതെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.  അതിൽ പത്തെണ്ണം കൊമേഷ്യൽ കണക്ഷനാണ്. സ്ഥിരമായി വൈദ്യുതി ബിൽ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തിൽ ഡിസ്കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതർക്കവും ഭീഷണിയും പതിവാണ്.

ഇപ്പോൾ നടത്തിയ ആക്രമണത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുകയും ഇവരിൽ നിന്നും കെ.എസ്.ഇ.ബിക്കുണ്ടായ നാശനഷ്ടങ്ങൾ മുഴുവന് ഈടാക്കുകയും ചെയ്യും. ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ കണക്ഷൻ ഇന്നുതന്നെ നൽകാൻ തയ്യാറാണെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കിയിരുന്നു.

 

Advertisment