പൊന്നാനി; മടക്കം പ്രതീക്ഷിക്കാനാകാത്ത വിധം രാജ്യം ആപത്തിലേക്ക് കൂപ്പുകുത്തി കൊണ്ടിരിക്കുമ്പോൾ സന്ദർഭോചിതം അജണ്ട മാറ്റിയെഴുതിയ ആണ്ടുനേർച്ച കമ്മിറ്റി പ്രശംസയ്ക്ക് പാത്രമായി. ആത്മീയ കീർത്തനങ്ങളാലും മതോപദേശങ്ങളാലും മാത്രം മുഖരിതമാവാറുള്ള ആണ്ട്സദസ്സ് ആനുകാലിക ഇന്ത്യയുടെ വിളിയ്ക്ക് ഉത്തരം ചെയ്തപ്പോൾ വേദികളിൽ അലയടിച്ചത് പ്രാർത്ഥനകൾക്കൊപ്പം കാലിക പ്രസക്തമായ വിചാരങ്ങളും ആഹ്വാനങ്ങളും.
പൊന്നാനി സൗത്തിലെ മസ്‌ജിദ് മുസമ്മിൽ ഇജാബ കേന്ദ്രമാക്കി വര്ഷം തോറും നടന്ന് വരാറുള്ള അമ്പിയാ മുർസലുകളുടെ നാമധേയത്തിലുള്ള ആണ്ടുനേർച്ചയിലാണ് വർത്തമാനകാല ഇന്ത്യയുടെ ദീനരോദനം പ്രതിധ്വനിച്ചത്. മണിപ്പൂരിലും ഒടുവിൽ ഹരിയാനയിലും ട്രെയിനിൽ പോലും കണ്ട, കാണുന്ന കിരാത കുറ്റകൃത്യങ്ങളിൽ ഇരകളായവരുടെ മോചനത്തിനായി സദസ്സ് പ്രാർത്ഥനാപൂർവ്വം സർവലോക നാഥനിലേയ്ക്ക് കൈ നീട്ടി. എല്ലാറ്റിനും മുകളിൽ ഏകനായ സർവ്വശക്തനുണ്ടെന്ന വിശ്വാസം എല്ലാ പ്രതിസന്ധികളിലും വിജയം കൊണ്ടുവരുമെന്ന് ഉസ്താദുമാർ ഉപദേശിച്ചു. ഏത് അവസ്ഥകളിലും വിശ്വാസവും ആദർശവും ത്യാഗപൂർവം മുറുകെപ്പിടിക്കണമെന്നും അവർ ഓർമപ്പെടുത്തി.
/sathyam/media/media_files/41XXyMSOCs7RkagC8sZy.jpg)
മണിപ്പൂർ - ഹരിയാനയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വംശീയ കലാപം സൃഷ്ടിച്ച് വർഗ്ഗീയധ്രുവീകരണത്തിന് ചിദ്ര ശക്തികൾ നടത്തുന്ന ശ്രമങ്ങൾക്കെതിരെ മതേതര ശക്തികളും സമാധാനകാംക്ഷികളും ജാഗരൂകരാവണമെന്നു ആണ്ടുനേർച്ചയിൽ സംസാരിക്കവേ സ്ഥലം നിയമസഭാ സാമാജികൻ പി നന്ദകുമാർ ആഹ്വാനം ചെയ്തു. ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയയുടെ നേതൃത്വത്തിൽ . പൊന്നാനിയിൽ അരങ്ങേറിയ അമ്പിയാ മുർസലുകളുടെ നേർച്ചയോടനുബന്ധിച്ചു. നടന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നന്ദകുമാർ നിർവ്വഹിച്ചു.
മുൻ മന്ത്രിമാരായ പാലോളി മുഹമ്മദ് കുട്ടി, ഡോ. കെ ടി ജലീൽ എന്നിവരും സഹ്ൽ ബാഫഖി തങ്ങൾ, സൈതുമുഹമ്മദ് തങ്ങൾ, അഡ്വ. ഫൈസൽ, സിദ്ധീഖ്‌മൗലവി അയിലക്കാട് . സയ്യിദ് ഹബീബ് തുറാബ് തങ്ങൾ, സീതിക്കോയ തങ്ങൾ വടശ്ശേരി ഹസൻ മുസ്ല്യാർ, ഇസ്മാഈൽ അൻവരി. യൂസുഫ് ബാഖവി, ഇബ്റാഹീം ഹാജി തുടങ്ങിയവരും ആത്മീയ സദസ്സിനെ അഭിമുഖീകരിച്ചു.
ഡോ: കോയ കാപ്പാടിന്റെ നേതൃത്വൽ പ്രവാചക പ്രകീർത്തന ഗസൽ പരിപാടിയും ഖത്മുൽ ഖുർആൻ, മൗലിദ് ജൽസ തുടങ്ങിയവയും അനുഭൂതി പകർന്നു. ആണ്ടിനോടനുബന്ധിച്ച് തീരദേശത്തെ 3000 കടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം നടത്തി. ഇതിനായി 15 ടൺ അരി ഉപയോഗിച്ചതായി ഉസ്താദ് ഖാസിം കോയ വിവരിച്ചു. രാവിലെ തുടങ്ങിയ ആണ്ടുനേർച്ച പരിപാടികൾ രാത്രിയിലും തുടർന്നു.