/sathyam/media/media_files/zsRvBTS8RnF8BuuUYTpO.jpg)
മലപ്പുറം: പത്താം ക്ലാസ് പരാജയപ്പെട്ടവര്‍ക്ക് മാത്രം അപേക്ഷിക്കാന്‍ കഴിയുന്ന അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷകരെ കിട്ടുന്നില്ല. ദുരവസ്ഥ തുറന്നുപറഞ്ഞ് കോട്ടക്കൽ ന​ഗരസഭ.
പത്താം ക്ലാസ് വിജയച്ചവര്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ലെന്ന നിബന്ധനയാണ് വേണ്ടത്ര അപേക്ഷകരെ കിട്ടാത്ത അവസ്ഥയുണ്ടാക്കുന്നത്. കരുവാന്‍പടി, കോട്ടൂര്‍ അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികകളില്‍ താല്‍ക്കാലികമായും ആളെക്കിട്ടാതിരുന്ന സാഹചര്യത്തിലാണ് സിഡിഎസ് മലപ്പുറം റൂറലിന്റെ കീഴില്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ചത്.
18നും 46നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് പാസാകാത്തവര്‍ക്കാണ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ കഴിയുക. സെപ്റ്റംബര്‍ 25വരെ ലഭിച്ചത് 11 അപേക്ഷകളാണ്. 40നടുത്ത് അപേക്ഷകള്‍ പ്രതീക്ഷിച്ചിരുന്നിടത്താണിത്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.
വിരമിക്കുന്നവരുടെ ഒഴിവിലേക്കും അവധിയെടുക്കുന്നവരുടെ ഒഴിവിലേക്കും പ്രമോഷന്‍ നേടി പോകുന്നവരുടെയും ഒഴിവിലേക്കും എങ്ങനെ പുതിയവരെ നിയമിക്കാന്‍ കഴിയുമെന്ന ആശങ്ക അധികൃതര്‍ക്കുണ്ട്.
ഇതോടെ കുട്ടികള്‍ കുറവുള്ള അങ്കണവാടികളിലെ ഹെല്‍പ്പര്‍മാരെയും താല്‍പര്യമുള്ള വിരമിച്ചവരെയും പരിഗണിക്കേണ്ടി വരുന്ന അവസ്ഥയുണ്ട്.
തുല്യത പരീക്ഷകള്‍ നഗരസഭയില്‍ കാര്യമായി നടപ്പിലാക്കിയതിന്റെ ഫലമായാണ് പത്താം ക്ലാസ് തോറ്റവരില്ലാത്തത് എന്നാണ് നഗരസഭ ഭരണാധികരുടെ നിലപാട്. അതിനാല്‍ തന്നെ മാനദണ്ഡത്തില്‍ മാറ്റം വരണമെന്നും അവര്‍ ആവശ്യപ്പെടുന്നു.