Advertisment

അവശയായി വഴിയരികിൽ കാണാനിടയായ യുവതിയ്ക്ക് കരുത്തായി മാറിയ എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രശംസ പിടിച്ചെടുത്തു

സ്ഥലത്തെത്തിയ വനിതാ ഉദ്യോഗസ്ഥയുടെ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി ലഭിക്കാതായപ്പോള്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റലാണ് ഉചിതമെന്ന് പോലിസ് അറിയിച്ചു.

New Update
edaUntitledci

എടപ്പാള്‍:   മാനസിക വിഭ്രാന്തിയോടെ വഴിയരികെ കാണാനിടയായ ആലംബഹീനയായ ഒരു സ്ത്രീയ്ക്ക് കാവലും കരുതലും ഒരുക്കിയ പരിസരത്തെ യുവാക്കളും ജനപ്രതിനിധികളും മറ്റു സംവിധാനങ്ങളും മഹനീയ മാതൃകകളായി. എടപ്പാള്‍ തട്ടാന്‍ പടിയില്‍  കഴിഞ്ഞ ദിവസം  രാത്രിയോടെയാണ് സംഭവം.

Advertisment

മാനസിക വിഭ്രാന്തി കാണിച്ച സ്ത്രീക്ക്  പ്രദേശത്തെ യുവാക്കള്‍  ആദ്യമേ  ഭക്ഷണം നല്‍കിയ ശേഷം പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭാകരന്‍, ജില്ലാ പഞ്ചായത്തംഗം മുരളി, പത്താം വാര്‍ഡ് മെമ്പര്‍ ഗഫൂര്‍,  കോണ്‍ഗ്രസ് നേതാവ് ഇ.പി  രാജീവ് എന്നിവര്‍ സ്ത്രീയാട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടാതായപ്പോള്‍ ആകെ കുഴങ്ങി. 

നിയമപാലകരുമായി ബന്ധപ്പെട്ട് സംഗതിക്ക് പരിഹാരം കാണാമെന്ന തീരുമാനത്തില്‍ പൊന്നാനി സ്റ്റേഷനിലേക്ക് വിവരമറിയിച്ചു.

സ്ഥലത്തെത്തിയ വനിതാ ഉദ്യോഗസ്ഥയുടെ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി ലഭിക്കാതായപ്പോള്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റലാണ് ഉചിതമെന്ന് പോലിസ് അറിയിച്ചു.

എന്നാല്‍ അതിന് പോലീസില്‍ സംവിധാനം ഇല്ലെന്നും ആംബുലന്‍സോ,  മറ്റ് വാഹനങ്ങളാ തരപ്പെടുത്തണമെന്നും പോലീസ് അറിയിച്ചതിന്റെ അടിസ്ഥാനത്തിന്‍ പഞ്ചായത്ത് വാഹനം വൈസ് പ്രസിഡണ്ട് പ്രഭാകരന്‍ വിളിച്ച് വരുത്തി.

പൊന്നാനി ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍ നല്‍കിയ വിവരങ്ങളും, പോലീസ് സ്റ്റേഷനില്‍ നിന്ന് നല്‍കിയ പേപ്പറുമായി ഒരു പോലീസ് ഉദ്യോഗസ്ഥയും, വാര്‍ഡ് മെമ്പര്‍മാരായ കെ.പി സിന്ധുവും, സീനയും പഞ്ചായത്ത് വാഹനത്തില്‍ പാതിരാത്രി തന്നെ സ്ത്രീയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയും ചെയ്തു.

മാനസികമായി തളര്‍ന്ന സ്ത്രീക്ക് സുരക്ഷയൊരുക്കിയ തട്ടാന്‍ പടിയിലെ യുവാക്കളെയും അര്‍ദ്ധരാത്രിയിലും വിഷയത്തിലിടപെട്ട് മാതൃകാപരമായ പരിഹാരത്തിന് വഴിയുണ്ടാക്കിയ ജനപ്രതിനിധികളെയും  പ്രശംസ  കൊണ്ട്  മൂടുകയാണ്  പ്രദേശം.

Advertisment