Advertisment

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ താഴെത്തട്ടിലെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ മുസ്ലിം ലീഗ്; ബൂത്ത് തലത്തിലെ നേതാക്കളെ നേരിട്ട് കാണാൻ ലീഡര്‍ വിത്ത് ബൂത്ത് ലീഡേഴ്സ് ' പരിപാടി;  പ്രാദേശിക തലത്തിലെ പ്രവർത്തനം വിലയിരുത്താൻ താഴേക്കിറങ്ങുന്നത് പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ; പ്രാദേശിക തലത്തിലെ  ഇടപെടൽ യു.ഡി.എഫിന് കൂടുതൽ ഉന്മേഷം പകരുമെന്ന പ്രതീക്ഷയിൽ ലീഗ് നേതൃത്വം

New Update
സിപിഎമ്മിന്റെ കള്ളവോട്ട് മറച്ച് വയ്ക്കുവാനാണ് ലീഗിനെതിരെ ആരോപണം: കുഞ്ഞാലിക്കുട്ടി

മലപ്പുറം : ലോകസഭ തിരഞ്ഞെടുപ്പിൻ്റെ ഗൗരവം കണക്കിലെടുത്ത് പ്രചാരണ പ്രവർത്തനങ്ങളിലെ വീഴ്ചക

ൾ കണ്ടെത്തുന്നതിനും പാളിച്ചകൾ പരിഹരിക്കുന്നതിനുമായി പുതിയ ഇടപെടലുമായി മുസ്ലിം ലീഗ് നേതൃത്വം. സംസ്ഥാന നേതൃത്വം പാർട്ടിയുടെ ഏറ്റവും താഴെ തട്ടിലെ നേതാക്കളെ നേരിട്ട് കണ്ട് പ്രശ്നങ്ങൾ മനസിലാക്കുന്നതാണ് ലീഗിൻ്റെ പുതിയ ഇടപെടൽ.

Advertisment

മത്സരിക്കുന്ന മലപ്പുറം, പൊന്നാനി മണ്ഡലങ്ങൾ പാർട്ടിയുടെ നെടുംകോട്ടകൾ ആണെങ്കിലും ചെറിയ പ്രശ്നങ്ങൾ പോലും ഫലത്തെ സ്വാധീനിക്കാമെന്ന തിരിച്ചറിവിലാണ് ഏറ്റവും താഴെതട്ടിലെ നേതാക്കളെ കാണാൻ നേതൃത്വം മണ്ണിലേക്ക് ഇറങ്ങുന്നത്.  


പ്രതിപക്ഷ ഉപനേതാവും ലീഗിൻ്റെ നേതൃനിരയിലെ പ്രധാനിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയാണ് ബൂത്ത് തലത്തിലുള്ള നേതാക്കളെ നേരിട്ട് കാണുന്നത്. 'ലീഡര്‍ വിത്ത് ബൂത്ത് ലീഡേഴ്സ് ' എന്നാണ് പരിപാടിയുടെ പേര്.


മലപ്പുറം ലോകസഭാ മണ്ഡലത്തിലാണ് ബൂത്ത് തലത്തിലെ നേതാക്കളെ കാണുന്ന പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.മലപ്പുറം മണ്ഡലത്തിലെ എല്ലാ ബൂത്ത് തല നേതാക്കളുമായും പി.കെ. കുഞ്ഞാലിക്കുട്ടി  ആശയ വിനിമയം നടത്തും.നിയമസഭാ മണ്ഡലാടിസ്ഥാനത്തിലാണ് ബൂത്ത് തല നേതാക്കളുമായള്ള കൂടിക്കാഴ്ച നടത്തുന്നത്. ഓരോ നിയമസഭാ മണ്ഡലത്തിലും ഓരോ നേതാക്കൾ വീതം ഉദ്ഘാടകരായെത്തും. 

മലപ്പുറത്ത് നടന്ന ബൂത്ത് തല നേതാക്കളുമായുള്ള കൂടിക്കാഴ്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ  പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്ത് ജാഗ്രതയോടെ പ്രവർത്തിക്കണം എന്ന് പാണക്കാട് സാദിഖലി തങ്ങൾ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

പാർട്ടി ശക്തി കേന്ദ്രം എന്ന അമിത ആത്മ വിശ്വാസത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പാളിച്ച ഉണ്ടാകരുതെന്നും സാദിഖലി ശിഹാബ്തങ്ങൾ പ്രവർത്തകരെ ഓർമ്മിപ്പിച്ചു. 

മണ്ഡലം - ബൂത്ത് തലങ്ങളിൽ മുന്നണിയിലെ ഘടക കക്ഷികളുമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കാൻ ആവശ്യമായ നിർദ്ദേശങ്ങളും നേതൃത്വം നൽകും.പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലൂടെ യുഡിഎഫ് ക്യാമ്പ് കൂടുതൽ സജീവമായി  പ്രവർത്തിക്കുമെന്ന വിലയിരുത്തലിലാണ് ഈ ഇടപെടൽ.

മുന്നണിയിലെ പ്രശ്നങ്ങൾ പ്രാദേശിക തലത്തിൽ പരിഹരിക്കാൻ കഴിയാത്തതാണെങ്കിൽ അത് ലീഗ് നേതൃത്വം യു.ഡി.എഫ് ജില്ലാ - സംസ്ഥാന നേതാക്കളുടെ അടിയന്തിര ശ്രദ്ധയിൽ കൊണ്ടുവരും. ചെറിയ പാളിച്ചകൾ പോലും ഒഴിവാക്കി ലോകസഭാ തിരഞ്ഞെടുപ്പിലെ  വിജയത്തിനായി പഴുതടച്ച പ്രവർത്തനം നടത്തുകയാണ് ഇതിലൂടെ ലീഗ് നേതൃത്വം ലക്ഷ്യമിടുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണം ഓരോ ദിവസം പിന്നിടുമ്പോഴും വേറിട്ട  പ്രചരണ പരിപാടികളുമായി എല്‍ഡിഎഫും യുഡിഎഫും. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ  ഏറ്റുമുട്ടുകയാണ്. മത്സരം കനക്കുന്നതിനിടയിലാണ് താഴേത്തട്ടിലുള്ള നേതാക്കളെ കണ്ട് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി നേരിട്ട് ഇറങ്ങുന്നത്.

ന്യൂനപക്ഷ വോട്ടുകളെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനുള്ള തന്ത്രങ്ങളുമായി എൽ.ഡി. എഫ് നടത്തുന്ന പ്രചരണം പാർട്ടി അണികൾക്കും താഴെ തട്ടിലുള്ള നേതാക്കൾക്കും ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നു എന്ന് ലീഗ് നേതൃത്വം മനസിലാക്കുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടത് മുന്നണി നടത്തിയ റാലിയിലെ മുഖ്യമന്ത്രിയുടെ പ്രസംഗം അത്തരത്തിൽ ഒന്നാണ്.


ബി.ജെ.പിയുടെ ഭരണത്തിൽ ആശങ്കയുള്ള മുസ്ലിം വിഭാഗത്തിൽ കൂടുതൽ ഭയാശങ്കകൾ വിതച്ച് വോട്ട് നേടുന്നതിനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നാണ് വിമർശനം. ബി.ജെ.പി ഭരണത്തെ എതിർക്കാനും പ്രതിരോധിക്കാനും ഇടത് പക്ഷത്തിന് മാത്രമേ കഴിയു എന്ന് സമർഥിക്കാൻ വേണ്ടി പറയുന്നതാണെങ്കിലും പൗരത്വ നിയമഭേദഗതി നടപ്പിലായാൽ മുസ്ലിം വിഭാഗത്തിന് ജീവിക്കാനാകില്ല എന്ന മുഖ്യമന്ത്രിയുടെ പരാമർശം സമൂഹത്തിൽ ആശങ്ക വർദ്ധിപ്പിക്കും.


അത് പാർട്ടി അണികളെയും പ്രാദേശിക നേതാക്കളിൽ കുറച്ച് പേരെയെങ്കിലും ആശയക്കുഴപ്പത്തിൽ ആക്കാൻ സാധ്യതയുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് താഴെ തട്ടിലെ നേരിട്ട് എത്തി കാണുന്ന പരിപാടി ആസൂത്രണം ചെയ്യാൻ മുസ്ലിം ലീഗ് നേതൃത്വം തയറായത് . 

സമസ്ത- ലീഗ് ഭിന്നതയും മറ്റ് സംഘടനാപരമായ പ്രശ്നങ്ങളും മുതലെടുത്ത് ലീഗ് വോട്ട് ബാങ്കിനെ ഭിന്നിപ്പിക്കാനും ശ്രമമുണ്ടെന്ന് ലീഗ് സംസ്ഥാന നേതൃത്വത്തിന് ബോധ്യമുണ്ട്.

പാർട്ടിയിലെ തീവ്ര നിലപാടു കാരും ഇടത് പക്ഷത്തോട് ആഭിമുഖ്യം പുലർത്തുന്ന വിഭാഗവും എല്ലാം ചേർന്ന് പ്രശ്നങ്ങൾ രൂക്ഷമാക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. ഇതും താഴെത്തട്ടിൽ സജീവമായി ഇടപെടാൻ ലീഗ് നേതൃത്വത്തിന് പ്രേരണയായി.

Advertisment