സംഘി ചാന്‍സര്‍ വാപസ് ജാവോ ; 'മിസ്റ്റര്‍, യൂ ആര്‍ നോട്ട് വെല്‍കം ഹിയര്‍'; ഗവര്‍ണര്‍ക്കെതിരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കവാടത്തില്‍ ബാനര്‍

New Update
cv

മലപ്പുറം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ യൂണിവേഴ്‌സിറ്റി കവാടത്തില്‍ ബാനറുയര്‍ത്തി എസ്എഫ്‌ഐ. ഇന്ന് പുലര്‍ച്ചെയാണ് ബാനര്‍ ഉയര്‍ത്തിയത്. ചാന്‍സലര്‍ ഗോ ബാക്ക് എന്ന് ഇംഗ്ലീഷിലും സംഘി ചാന്‍സര്‍ വാപസ് ജാവോ എന്ന് ഹിന്ദിയിലും എഴുതിയ ബാനറുകളാണ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലേക്ക് പ്രവേശിക്കുന്ന കവാടത്തില്‍ ഉയര്‍ത്തിയിട്ടുള്ളത്.

Advertisment

മിസ്റ്റര്‍, യൂ ആര്‍ നോട്ട് വെല്‍കം ഹിയര്‍ എന്ന എഴുതിയ മറ്റൊരു ബാനറും സര്‍വകലാശാല കവാടത്തില്‍ ഉണ്ട്. കറുത്ത നിറത്തിലുള്ള ബാനറുകളാണ് ഉയര്‍ത്തിയത്. ശാഖയില്‍ പഠിച്ചത് ശാഖയില്‍ മതിയെന്നും സര്‍വകലാശാലയില്‍ വേണ്ടെന്നും, ചാന്‍സലര്‍ ആരാ രാജാവോ, ആര്‍എസ്എസ് നേതാവോ എന്നുമുള്ള പോസ്റ്ററുകളും സര്‍വകാലശാലയില്‍ എസ്എഫ്‌ഐക്കാര്‍ പതിച്ചിട്ടുണ്ട്. 

സര്‍വകലാശാലയില്‍ എത്തുന്ന ഗവര്‍ണര്‍ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്നാണ് എസ്എഫ്‌ഐക്കാര്‍ ബാനര്‍ ഉയര്‍ത്തിയത്.

കോഴിക്കോട്ടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തുന്ന ഗവര്‍ണര്‍ എസ്എഫ്‌ഐയെ വെല്ലുവിളിച്ച് മൂന്ന് ദിവസം സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കാനാണ് തീരുമാനിച്ചത്. ഇന്ന് വൈകീട്ടായിരിക്കും ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെത്തുക. വിവിധ സര്‍വകലാശാലകളിലേക്ക് സംഘപരിവാര്‍ അനുകൂലികളെ നോമിനേറ്റ് ചെയ്തതാണ് എസ്എഫ്‌ഐ പ്രതിഷേധത്തിന് കാരണം.

അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുള്ള സുരക്ഷ ശക്തമാക്കണമെന്ന് പൊലീസ് മേധാവി നിര്‍ദേശം നല്‍കി. കഴിഞ്ഞദിവസം തലസ്ഥാനത്തുണ്ടായ സംഭവങ്ങളും ഗവര്‍ണര്‍ നല്‍കിയ കത്തും കണക്കിലെടുത്താണിത്. ഇതുസംബന്ധിച്ച് പൊലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.

ഗവര്‍ണറുടെ സുരക്ഷസംബന്ധിച്ച് ഇന്റലിജന്‍സ് മേധാവി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ രാജ്ഭവന്‍ അധികൃതരുമായി ചര്‍ച്ചനടത്തിയിരുന്നു. ഗവര്‍ണറുടെ വാഹനവ്യൂഹത്തില്‍ മൂന്നു പൈലറ്റ് വാഹനങ്ങള്‍കൂടി അധികമായി ഉള്‍പ്പെടുത്തും.

സഞ്ചാരപാതയില്‍ കൂടുതല്‍ സുരക്ഷയുമൊരുക്കും. പ്രധാനപാതയില്‍ എന്തെങ്കിലും പ്രശ്‌നസാധ്യതയുണ്ടെങ്കില്‍ രണ്ട് പകരം റൂട്ടുകള്‍ കൂടി നിശ്ചയിക്കും. സഞ്ചാരപാത രഹസ്യമായിരിക്കാനും നടപടിയുണ്ടാകും

തലസ്ഥാനത്ത് ഗവര്‍ണര്‍ക്കുനേരെ പ്രതിഷേധമുണ്ടായ ദിവസം റൂട്ട് സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണിത്. കടന്നുപോകുന്ന വഴികളില്‍ പ്രശ്‌നസാധ്യതയുണ്ടെങ്കില്‍ ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കും.

വാഹനത്തില്‍നിന്നിറങ്ങി ഗവര്‍ണര്‍ സഞ്ചരിക്കുന്ന സ്ഥലത്തേക്ക് കൂടുതല്‍ പൊലീസുകാരെ നിയോഗിക്കും. പങ്കെടുക്കുന്ന പരിപാടികളിലും കൂടുതല്‍ പൊലീസ് സാന്നിധ്യം ഒരുക്കും. രാജ്ഭവന് പുറത്ത് ഗവര്‍ണര്‍ താമസിക്കുന്നിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ച് കര്‍ശനസുരക്ഷയൊരുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Advertisment