Advertisment

ആശങ്കയുണർത്തി മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; ഒരു മരണം കൂടി സ്ഥിരീകരിച്ചു

രോഗബാധ ഉയർന്നതോടെ ഈ പ്രദേശങ്ങളിൽ ചികിത്സാ സൗകര്യങ്ങൾ പര്യാപ്തമല്ല എന്ന പരാതിയും ഉയരുന്നുണ്ട്. മഴക്കാലം എത്തുന്നതോടെ രോഗബാധ ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ആരോഗ്യ വകുപ്പ് നൽകുന്നുണ്ട്.

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
heppatitis

മലപ്പുറം: ആശങ്കയുണർത്തിക്കൊണ്ട് മലപ്പുറത്തെ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നു. മലപ്പുറം പോത്തുകലിൽ  വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് മഞ്ഞപ്പിത്ത ബാധ മൂലം മരിച്ചത്.

Advertisment

മഞ്ഞപിത്തം സക്കീറിന്റെ കരളിനെ ബാധിച്ച് ചികിത്സയിലിരിക്കവേയാണ് മരണം സംഭവിച്ചത്. മലപ്പുറത്ത് കഴിഞ്ഞ 5 മാസത്തിനിടെ 3000 ത്തിലധികം പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. 

മഞ്ഞപ്പിത്ത ബാധ മൂലം കഴിഞ്ഞ 5 മാസത്തിനിടെ 7 പേരുടെ മരണമാണ് മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. 3000 ത്തിലധികം രോഗ ബാധ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലമ്പൂർ മേഖലയിലാണ് രോഗം കൂടുതലായി പടർന്നുപിടിക്കുന്നത്. കഴിഞ്ഞ ദിവസം ചാലിയാർ സ്വദേശിയായ റെനീഷ് ഹെപ്പറ്റൈറ്റിസ് ബാധിച്ചു മരിച്ചിരുന്നു.

റെനീഷിന്റെ കുടുംബത്തിലെ 9 വയസ്സുകാരിയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പോത്തുകലിലെ സക്കീറും മഞ്ഞപ്പിത്ത ബാധ മൂലം മരിച്ചത്. പോത്തുകൽ,പൂക്കോട്ടൂർ,പെരുവള്ളൂർ, മൊറയൂർ തുടങ്ങിയ പഞ്ചായത്തുകളിലും മലപ്പുറം മുനിസിപ്പാലിറ്റിയിലുമാണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 

പോത്തുകല്ലിലും സമീപപ്രദേശങ്ങളിലും മാത്രമായി കഴിഞ്ഞ രണ്ടു മാസത്തിനിടെ രോഗം ബാധിച്ചത് 152 പേർക്കാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.  രോഗം അതിവേഗം പടർന്നുപിടിക്കുന്നത് പ്രദേശവാസികളിൽ ആശങ്ക പടർത്തുന്നുണ്ട്.  

രോഗബാധ ഉയർന്നതോടെ ഈ പ്രദേശങ്ങളിൽ ചികിത്സാ സൗകര്യങ്ങൾ പര്യാപ്തമല്ല എന്ന പരാതിയും ഉയരുന്നുണ്ട്. മഴക്കാലം എത്തുന്നതോടെ രോഗബാധ ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ആരോഗ്യ വകുപ്പ് നൽകുന്നുണ്ട്.

 

Advertisment