/sathyam/media/media_files/2025/10/13/itc-2025-10-13-22-14-40.jpg)
പൊന്നാനി: പൊന്നാനി താലൂക്കിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമായ ഈഴുവത്തിരുത്തി ഗവ: ഐടിസി റോഡ് കർമ്മ റോഡുമായി ബന്ധിപ്പിക്കുവാൻ വാർഡ് വികസന സമിതിയിലും, വില്ലേജ് ജനകീയ സമിതിയിലും, പൊന്നാനി നഗരസഭയോടും പലതവണ ആവശ്യപ്പെട്ടിട്ടും ഒരു നടപടികളും സ്വീകരിക്കാത്തതിൽ ഈഴുവത്തിരുത്തി നിളയോരം കോൺഗ്രസ് കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
നിരവധി വർഷങ്ങളായി ജനങ്ങൾ യാത്ര ചെയ്തിരുന്ന നഗരസഭ പണി പൂർത്തീകരിച്ച ഐടിസി റോഡ് കർമ്മ റോഡിന് ഏതാനും മീറ്റർ അകലം വരെ എത്തി നിൽക്കുന്നുണ്ടെങ്കിലും കർമ്മ റോഡുമായി ബന്ധിപ്പിച്ചിട്ടില്ല. ഇതു കാരണം പ്രദേശവാസികൾക്കും, വാഹന യാത്രക്കാർക്കും, ഈശ്വരമംഗലം സ്മശാനത്തിലേക്ക് പോകേണ്ട വാഹനങ്ങൾക്കും, കർമ്മ റോഡിലേക്ക് പ്രവേശിക്കുന്നതിന് കിലോമീറ്റർ ചുറ്റി വളയേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
നിരവധിതവണ പരാതി നൽകിയിട്ടും നടപടികളൊന്നും സ്വീക രിക്കാത്ത പൊന്നാനി നഗരസഭയും, റവന്യൂ, പൊതുമരാമത്ത് വകുപ്പും സംയുക്തമായി ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് ഈഴുവത്തിരുത്തി നിളയോരം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് പാലക്കൽ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് എ പവിത്രകുമാർ, കെ ബാബു മാസ്റ്റർ, കെ സൈനുദ്ദീൻ, പി വി സുബിക്സ്, ഉമ്മർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.