/sathyam/media/media_files/2025/09/10/ponnani-congress-protest-2025-09-10-14-39-53.jpg)
പൊന്നാനി: യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുജിത്തിനെ ക്രൂരമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
പോലീസ് ദേശീയപാതയിൽ പ്രകടനം തടഞ്ഞതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വിവിധ പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന ക്രൂരമർദ്ദനങ്ങൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിട്ടും അക്രമ സ്വഭാവമുള്ള ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന പോലീസ് ഉന്നതർക്കെതിരെ അന്വേഷണം നടത്തണമെന്ന് പൊന്നാനി പോലീസ് സ്റ്റേഷൻ ഉപരോധം ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ എം പി സി ഹരിദാസ് ആവശ്യപ്പെട്ടു.
കേരളത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പൊതുജനങ്ങളെ അപമാനിക്കുകയും, മർദ്ദിക്കുകയും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും മാറ്റി നിർത്തുവാൻ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തയ്യാറാവണമെന്നും സി ഹരിദാസ് ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് എൻ പി നബീൽ അധ്യക്ഷ വഹിച്ചു. കെപിസിസി മെമ്പർ കെ ശിവരാമൻ മുഖ്യപ്രഭാഷണം നടത്തി. എ പവിത്രകുമാർ, പി സദാനന്ദൻ, പുന്നക്കൽ സുരേഷ്, എം അബ്ദുല്ലത്തീഫ്, എം രാമനാഥൻ, പ്രദീപ് കാട്ടിലായിൽ, സി ജാഫർ എന്നിവർ സംസാരിച്ചു .സ്റ്റേഷൻ മാർച്ചിന് എം അമ്മുക്കുട്ടി, എം ഷംസുദ്ദീൻ, പിടി ജലീൽ, എം കെ റഫീഖ്, സക്കീർ കടവ്, കെ പി സോമൻ, എ വി ഉസ്മാൻ, എൻ പി സുരേന്ദ്രൻ, എം ശിവദാസൻ എന്നിവർ നേതൃത്വം നൽകി.