മലപ്പുറം: കേന്ദ്ര സംസ്ഥാന സർക്കാറുകൾ നടത്തികൊണ്ടിരിക്കുന്ന വോട്ടർപട്ടിക ക്രമക്കേടുകളും വെട്ടിമാറ്റലുകളും ആശങ്കാജനകമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്ന നിലപാട് ജനാധിപത്യത്തെ അപകടത്തിൽ ആക്കുമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. അഷ്റഫ്.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിന്റെ ഭാഗമായി വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം കമ്മിറ്റി ഇരുമ്പുഴി പീപ്പിൾസ് സെന്ററിൽ സംഘടിപ്പിച്ച 'റോഡ് ടു സക്‌സസ്' നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറിമാരായ ശാക്കിർ മോങ്ങം, ജംഷീൽ അബൂബക്കർ, മലപ്പുറം ബ്ലോക്ക് (വള്ളുവമ്പ്രം ഡിവിഷൻ) മെമ്പർ സുബൈദ മുസ്ലിയാരകത്ത്, മണ്ഡലം വൈസ് പ്രസിഡന്റ് അഫ്‌സൽ ടി എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. മണ്ഡലം സെക്രട്ടറി മഹ്ബൂബുറഹ്‌മാൻ പൂക്കോട്ടൂർ സ്വാഗതവും മണ്ഡലം ട്രഷറർ എ സദറുദ്ദീൻ സമാപന ഭാഷണവും നടത്തി. മണ്ഡലം പ്രസിഡന്റ് ജലീൽ കോഡൂർ അധ്യക്ഷത വഹിച്ചു.
വെൽഫെയർ പാർട്ടി മലപ്പുറം മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുസ്സമദ് തൂമ്പത്ത്, മൊറയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഹ്‌മദ് ശരീഫ്, ആനക്കയം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശുക്കൂർ പെരിമ്പലം തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി. മണ്ഡലത്തിലെ വിവിധ വാർഡ് കമ്മിറ്റി അംഗങ്ങളും പഞ്ചായത്ത്/മുനിസിപ്പൽ/മണ്ഡലം കമ്മിറ്റിയംഗങ്ങളും സംഗമത്തിൽ പ്രതിനിധികളായി പങ്കെടുത്തു.