/sathyam/media/media_files/2025/09/11/ponnani-music-2-2025-09-11-18-39-13.jpg)
പൊന്നാനി: പൊന്നാനിയിലെ ഒപേര മ്യൂസിക് ക്ലബും, കഴിഞ്ഞ നാലര പതിറ്റാണ്ടായി ജെ.എം റോഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്യാക്കയെന്ന കലാ, സാംസ്കാരിക, സാമൂഹ്യ സംഘടനയും കൈകോർത്ത് ഓണം നാളിൽ ഏറെ ചേതോഹരവും, സംഗീത സാന്ദ്രവുമായ ഒരു സായാഹ്നം സമ്മാനിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ അതൊരു സപ്തസ്വരങ്ങളുടെ വിസ്മയമായി.
പരമ്പരാഗതമായി സംഗീതത്തെ സ്വാധീനിക്കുകയും സംസ്കാരത്തിന്റെ ഭാഗമാക്കുകയും ചെയ്ത തങ്ങളുടെ പൂർവ്വികർക്കുള്ള ആദരപൂർവ്വമുള്ള കാഴ്ചവെക്കൽ കൂടിയാണ് പൊന്നാനിയിലെ "ഒപേര"മ്യൂസിക് ക്ലബ്.
അതിന്റെ പിന്നിൽ ചുമതലാബോധവും, നിരന്തരമായി കഠിനാധ്വാനവും, ഉത്തരവാദിത്തവും ഏറ്റെടുത്തു ഒരാൾ മുൻപിൽ ഉണ്ടാവുക എന്നത് സംഗീതത്തിനായി മനസ്സുകൊണ്ടുള്ള സമർപ്പിക്കലാണ്.
യാതൊരു പ്രതിഫലേച്ചയുമില്ലാതെ ഉയർന്ന നിലവാരമുള്ള സംഗീത കേന്ദ്രമാക്കി ഒപേരയെ മാറ്റുക എന്ന ലക്‌ഷ്യമാണ് പ്രവാസി ബിസിനസ് കാരനാണെങ്കിലും സംഗീതത്തോട് ആസക്തി ഏറെയുള്ള തികഞ്ഞ കലാകാരനായ പി. വി. അബ്ദു റഹീമിനുള്ളത്. സ്വപ്‍ന സാക്ഷാത്‍കാരത്തിനായുള്ള കഴിഞ്ഞ കുറെ നാളത്തെ ചിന്തയും, സമർപ്പണവുമാണ് യഥാർത്ഥത്തിൽ ഒപേര മ്യൂസിക് ക്ലബ്.
പൊന്നാനിയിലെയും പരിസര പ്രദേശങ്ങളിലെയും കലാകാരന്മാർ മാത്രമല്ല, പാട്ടിനെ പ്രണയിക്കുന്നവരും, പൊതു ജനങ്ങളും യാതൊരു മുൻവിധികളുമില്ലാതെ കർമ്മം കൊണ്ടും, മനസ്സുകൊണ്ടും, സഹകരണം കൊണ്ടും സ്വീകരിച്ചിട്ടുണ്ട് എന്നതിന്റെ ദൃഷ്ടാന്തമോ, നേർസാക്ഷ്യമോ ഒക്കെയാണ് ഒരു വർഷം കഴിഞ്ഞപ്പോഴുള്ള അതിന്റെ വിജയഗ്രാഫിന്റെ ഉയർച്ച സൂചിക കാണിക്കുന്നത്.
ഇതിനോടകം മിക്ക വാരാന്ത്യങ്ങളിലും വിവിധ സംഗീത ഗ്രൂപ്പുകളും, സംസാകാരിക, കലാ, സാമൂഹ്യ പ്രവർത്തക കൂട്ടായ്മയുമൊക്കെ ഒപേരയിൽ മധുരധ്വനികളാലുള്ള തങ്ങളുടെ സംഗീത രസം തീർക്കാൻ വെമ്പൽ കൊള്ളുന്നു എന്നത് തന്നെ ഒപേരക്കുള്ള ഔന്നിത്യമാർന്ന അംഗീകാരമാണ്.
അവരെയൊക്കെ സ്വാഗതം ചെയ്യാനും ആദിത്യമരുളാനും റഹീമും കൂടെയുള്ള നന്മ നിറഞ്ഞ മറ്റു കലാ കാരന്മാരുടെ സംഘവും കാണിക്കുന്ന എന്തെന്നില്ലാത്ത താല്പര്യപ്രകടനവും, സ്നേഹമര്യാദയും, പ്രചോദനവുമൊക്കെ ഒപേരയെ വേറിട്ടതാക്കുന്നു.
കഴിഞ്ഞ ദിവസം പ്യാക്ക അംഗങ്ങൾക്ക് സ്‌നേഹനിർഭരവും, ഹൃദയസ്പർശിയുമായ ചേർത്തുനിർത്തൽ അനുഭവിക്കാനായി എന്നത് സന്തോഷം കൊണ്ടും നന്ദികൊണ്ടും പ്രകടിപ്പിക്കാനല്ലാതെ മറ്റൊന്നിനുമാകില്ല.
സംഗീത സന്ധ്യക്ക് ഏറെ മധുരിമ പകരാനും ആവേശം വിതറാനും പൊന്നാനിയുടെ പുതിയ സി.ഐ. എസ്.അഷ്‌റഫ് എത്തിയപ്പോൾ അത് സംഗീത പ്രേമിയായ കാക്കിയണിഞ്ഞ കലാകാരനിൽനിന്നും ലഭിച്ച വേറിട്ട വൈബായിരുന്നു.
പാടാൻ അറിയില്ല എന്ന് പറഞ്ഞുവെങ്കിലും നിർബന്ധത്തിനു വഴങ്ങി 'മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ'' എന്ന ഗാനം സാർ ആലപിച്ചപ്പോൾ സദസ്സ് ഹർഷാരവത്തോടെയാണ് ആസ്വദിച്ചത്.
ഇത് തന്റെ അരങ്ങേറ്റമാണെന്നും ഇത് പൊന്നാനിയിൽ ആയതിൽ സന്തോഷമുണ്ട് എന്നും ഇനിയും ഒപേരയിൽ സമയം കിട്ടുമ്പോൾ പാടാനായി എത്തുമെന്നും അദ്ദേഹം പറഞ്ഞുവെച്ചു. സാറിന്റെ മക്കളുടെ പാട്ടുകളും സദസ്സ് ഏറ്റെടുത്തു.
പൊന്നാനിയുടെ സംഗീത ചരിത്രത്തിൽ വിസ്മരിക്കപ്പെടാനാകാത്ത വ്യക്തിത്വത്തിനുടമയായ കലാകാരനായി പതിറ്റാണ്ടുകളോളം തന്റേതായ സംഗീത തട്ടകം തീർത്ത പ്രിയപ്പെട്ട മായീൻ മാസ്റ്റർ.
അദ്ദേഹത്തിൻറെ ശിഷ്യനും അനേകം സ്റ്റേജുകളിൽ സ്വരസിദ്ധിയാൽ ശ്രോതാക്കളുടെ മനസ്സിൽ ഇടം പിടിക്കുകയും ചെയ്ത ബക്കർ മാറഞ്ചേരിയുടെ പാട്ടുകൾ ഏറെ ഇമ്പമുള്ളതായിരുന്നു.
മുൻ പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റായിരുന്ന അറ്റുണ്ണിതങ്ങൾ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തങ്ങൾക്കിടയിലും സംഗീതത്തെയും, സംഗീത ഉപകരണങ്ങളെയും തന്നിലേക്ക് ചേർത്തുവച്ച കലാകാരനാണ്.
ഒപേരയിലെ സംഗീത സദസ്സുകളിൽ ഒഴിച്ച് നിർത്താനാകാത്ത ഘടകമാണ് സൗമ്യ പ്രകൃതമുള്ള ആറ്റുണ്ണി തങ്ങൾ. ഒപേരയുടെ സംഗീത പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിലും മുന്നിലുമുള്ള ആറ്റുണ്ണി തങ്ങളുടെ സെമിക്ലാസ്സിക്കൽ ഗാനങ്ങൾ ഹൃദയതന്ത്രികളിൽ മൃദുസ്പർശമായി ശ്രുതിമീട്ടി.
പൊന്നാനിയുടെ അനുഗ്രഹീത മരുമകൾ വായനാട്ടുകാരി അൻജല നസ്രീൻ എപ്പോഴും ഒപേരക്കു ഒരു അലങ്കാരമാണ്. ഫാസ്റ്റ് സോങ്ങുകൾ ശ്രോതാക്കളുടെ മനം കവരുന്ന രീതിയിൽ പാടാൻ ഏറെ കഴിവുള്ള കലാകാരി ഹിന്ദിയടക്കം കുറച്ചു മനോഹര പാട്ടുകൾ സമ്മാനിച്ചു.
റഹീമിനൊപ്പമുള്ള ഡ്യൂയറ്റ് പാട്ടുകൾ എല്ലാം അടിപൊളിയായിരുന്നു. പൊന്നാനിയുടെ മരുമകൻ ഇബ്രാഹിം വെളിയങ്കോട് സെമിക്ലാസ്സിക്കുകൾ ഒറ്റയിരിപ്പിനു മൂന്നെണ്ണം പാടിയത് കർണ്ണപുടങ്ങളിൽ അവാച്യമായ അനുഭൂതി തീർത്തു.
പിന്നെ പ്യാക്ക യുടെ സംഗീത സദസ്സുകളിൽ എന്നും ആവേശം സൃഷ്ടിക്കാറുള്ള പാടി തെളിഞ്ഞ ഞങ്ങളുടെ സ്വന്തം വി. ബഷീറിന്റെയും, ടി.ശാഹുൽ ഹമീദിന്റെയും പ്രകടനങ്ങളാണ്. അവരുടെ വൈശിഷ്ട്യമള്ള ഗാനാപാലങ്ങൾ ഒപേരയുടെ ശബ്ദ ക്രമീകരണത്തിലൂടെ ശ്രവണേന്ദ്രിയങ്ങളെ ത്രസിപ്പിക്കാനായി.
ഒപ്പം ഹിന്ദി ഗാനങ്ങളുടെ സ്വരമാധുര്യത്താൽ വൈദഗ്ദ്ധ്യം തെളിയിച്ച സി. ഹബീബ് റഹ്‌മാനും, പാടുന്നതിൽ കൂടുതൽ ആസ്വാദകനായും, പാട്ടുകളെക്കുറിച്ചുള്ള അറിവിന്റെ വിജ്ഞാനകോശവുമായ സി. മുജീബ് റഹ്‌മാനും ഒക്കെ പ്യാക്കയുടെ അഭിമാന ഗായകരായി. തന്റെ അതിഥികൾക്ക് കൂടുതൽ അവസരം കൊടുത്തത് കൊണ്ടാകണം റഹീമിന്റെ പാട്ടുകൾ ഏറെ ആസ്വദിക്കാനായില്ല എന്ന് പറയാം.
എന്നാലും ഫാസ്റ് നമ്പറുകളെ സ്നേഹിക്കുന്ന റഹീം സ്റ്റേജുകളെ തന്റെ ശബ്ദസൗകുമാര്യത്താൽ ഒന്ന് ചലിപ്പിച്ചു ആസ്വാദകരെ കയ്യിലെടുക്കും. അത് കല്യാണപ്പാട്ടുകളായാലും, ഹിന്ദി പാട്ടുകളായാലും ഒക്കെ അങ്ങിനെയാണ്.
പാരമ്പര്യമായി പകർന്നു കിട്ടിയ സംഗീതത്തിന്റെ അപൂർവ്വ സിദ്ധിയെ കാത്തു സൂക്ഷിക്കുന്ന മായീൻ മാസ്റ്ററുടെ മകൻ ബാബുവാണ് സംഗീത സന്ധ്യയെ നിയന്ത്രിച്ചതും, സംഗീതത്തിനൊപ്പം ഉപകരണങ്ങൾ അനായേസേന കൈകാര്യം ചെയ്തതു ശബ്ദവിന്യാസ സംവിധാനം നിർവ്വഹിച്ചതും.
സഹോദരൻ നസീറും തന്റെ സ്വതസിദ്ധമായ കഴിവുകളാൽ മാന്ത്രിക വിരലുകൾ ചലിപ്പിച്ചു ശ്രോതാക്കളിൽ മതിപ്പുണ്ടാക്കിയ പ്രകടനങ്ങളാണ് കാഴ്ചവച്ചത്. ഒപേരയുടെ സംഗീത ഉപകരണങ്ങളിൽ ശ്രുതിമീട്ടിയ മുജീബും അഷ്റഫും ഒക്കെ ആ രംഗത്തെ മികച്ച കലാകാരന്മാരാണ് എന്ന് തെളിയിച്ച കിടിലൻ പ്രകടനമായിരുന്നു
വിസ്മരിക്കാനാകാത്ത ഒപേരയിലെ നാദ, താള, മേള, സ്വര ലയങ്ങളാൽ മുഖരിതമായ സ്നേഹ സദസ്സിനു ശേഷം കർമ്മയിലെ ജാവാസിൽ നിന്നും റഹീം ഒരുക്കിയ വിഭവസമ്പുഷ്ടമായ ഭക്ഷണവും കഴിച്ചാണ് പ്യാക്കക്കാർ സുഖനിദ്രയെ പുൽകാനായി വീടുകളിലേക്ക് മടങ്ങിയത്.
അത്യുത്കൃഷ്ടമായ നല്ല നിമിഷങ്ങളെ സമ്മാനിച്ച ഒപേരക്കു ഹൃദയത്തിന്റെ ഭാഷയിൽ ആയിരം സ്നേഹപ്പൂക്കളാൽ പ്യാക്കക്കായി നന്ദി അറിയിച്ചത് ടി.കെ. അഷ്‌റഫായിരുന്നു.
- ടി.കെ. ഇസ്മായിൽ