/sathyam/media/media_files/2025/09/12/key-handed-over-2-2025-09-12-16-43-52.jpg)
മക്കരപ്പറമ്പ്: സമൂഹത്തിൽ ജാതി വിവേചനം മൂലം ഭൂമി നിഷേധിക്കപ്പെട്ട അധസ്ഥിത പിന്നോക്ക വിഭാഗങ്ങളുൾപ്പെടെ മുഴുവൻ ഭൂരഹിതർക്കും ഭൂമി അനുവദിച്ച് നൽകാൻ സർക്കാർ തയ്യാറാകണമെന്നും അതിനായി കുത്തകകൾ കൈവശപ്പെടുത്തിയ ഹെക്ടർ കണക്കിന് ഭൂമി പിടിച്ചെടുക്കുണ മെന്നും വെൽഫെയർ പാർട്ടി അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി ചെട്ടിയാരങ്ങാടിയിൽ വിധവയായ ഒരു കുടുംബിനിക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളിലുള്ള ജനങ്ങളെ കൈപിടിച്ച് ഉയർത്തിക്കൊണ്ടുവരലാണ് അടിസ്ഥാന വികസനമെന്നും സംസ്ഥാനത്ത് നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമം അശാസ്ത്രീയമായിരുന്നുവെന്നും ഇന്നും സമൂഹത്തിലെ അടിത്തട്ടിലുള്ള നല്ലൊരു വിഭാഗം സ്വന്തമായി വീട് നിർമിക്കുവാനോ കൃഷി ചെയ്ത് സ്വയം പര്യാപ്തരാകുവാനോ സാധിക്കാതെ കഷ്ടപ്പെടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
ഇവരെ കേവലം വോട്ടുബാങ്കുകളായി ഉപയോഗപ്പെടുത്തുന്നതിലുപരി അവരുടെ അടിസ്ഥാന പ്രശ്നങ്ങളോട് മുഖം തിരിഞ്ഞ് നിൽക്കുന്ന സമീപനമാണ് നമ്മുടെ രാജ്യത്തെ സർക്കാറുകൾ ഇന്നേവരെ സ്വീകരിച്ചു പോന്നിട്ടുള്ളത്.
ഭൂരഹിതർക്ക് അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകിയ പാരമ്പര്യമാണ് വെൽഫെയർ പാർട്ടിയുടേതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ചടങ്ങിൽ വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് ജാബിർ വടക്കാങ്ങര അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡണ്ട് ആരിഫ് ചുണ്ടയിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി ശിവദാസൻ, വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡണ്ട് കെ.പി ഫാറൂഖ്, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി അദ്ധ്യക്ഷൻ പട്ടാക്കൽ ഹബീബുള്ള, വാർഡ് മെമ്പർമാരായ സാബിറ കുഴിഴേങ്ങൽ, കെ സുഹ്റ എന്നിവർ ആശംസകൾ നേർന്നു. സി.കെ സുധീർ സ്വാഗതവും ചെട്ടിയാരങ്ങാടി യൂണിറ്റ് പ്രസിഡന്റ് സഹദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി നിർമ്മിച്ച് നൽകിയ വെൽഫെയർ ഹോമിന്റെ താക്കോൽദാനം അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം നിർവഹിക്കുന്നു.