/sathyam/media/media_files/2025/09/30/tv-abdurahman-kutty-2025-09-30-18-50-34.jpg)
പൊന്നാനി: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വർഷം തോറും നല്‍കിവരാറുളള പൊന്നാനി, തൃക്കാവ് ശ്രീ ദുര്‍ഗ്ഗാഭഗവതി പുരസ്കാരം ടി.വി അബ്ദുറഹിമാന്‍ കുട്ടി മാസ്റ്റർക്ക് സമ്മാനിച്ചു.
ചരിത്ര പ്രസിദ്ധമായ തൃക്കാവ് ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടുനിൽക്കുന്ന നവരാത്രിയോട് മഹോത്സവ കമ്മിറ്റിയുടെ നടപടി വിദ്വേഷം വാഴുന്ന ആനുകാലിക സാമൂഹ്യ സാഹചര്യത്തിൽ സൗഹാർദ്ദം കാത്തുസൂക്ഷിക്കുന്ന മാനസങ്ങളിൽ നിറദീപം തെളിച്ചു.
കോഴിക്കോട് സാമൂതിരി രാജാ പി കെ കേരളവര്‍മ്മയാണ് അഞ്ചാമത് ശ്രീ ദുര്‍ഗ്ഗാഭഗവതി പുരസ്കാരം ടി വി അബ്ദുറഹിമാന്‍ കുട്ടി മാസ്റ്റർക്ക് സമർപ്പിച്ചത്.
ഒരു ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ആദരവിന് മറ്റൊരു മതവിശ്വാസിയെ തിരഞ്ഞെടുത്ത പുരസ്‌കാര കമ്മിറ്റിയുടെ തീരുമാനം പൊന്നാനിയുടെ സൗഹൃദ പാരമ്പര്യം ഉയർത്തിക്കാട്ടുന്നതും മാനവിക ബോധത്തിന് പൊൻതിലകം ചാർത്തുന്നതുമായെന്ന നിലയിൽ പരക്കെ പ്രശംസ നേടി.
എഴുത്തുകാരായ പി സുരേന്ദ്രൻ, ആലങ്കോട് ലീലാകൃഷ്ണൻ, ചിത്രകാരായ ആർട്ടിസ്റ്റ് നമ്പൂതിരി, കെ യു കൃഷ്ണകുമാർ എന്നിവരാണ് ഇതിനു മുൻപ് ശ്രീ ദുര്‍ഗ്ഗാഭഗവതി പുരസ്കാരം നേടിയവർ.
ഇത്തവണ പുരസ്കാരം ലഭിച്ച ടി വി അബ്ദുറഹിമാന്‍ കുട്ടി മുൻ അദ്ധ്യാപകനും പ്രാദേശിക ചരിത്രത്തിൽ പ്രഗത്ഭനും സാമൂഹ്യ - സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമാണ്.
2005ല്‍ അദ്ധ്യാപക സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം മുഴുവന്‍ സമയവും ചരിത്ര ഗവേഷണത്തിലും രചനയിലും മുഴുകിയ അബ്ദുറഹിമാന്‍ കുട്ടി ഇതിനകം ഇരുപത് പുസ്തകങ്ങളും അഞൂറിലധികം ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
വിവിധ കലാലയങ്ങളിലെ നിരവധി ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികളും ഗവേഷകരും പൊന്നാനിയെ കുറിച്ച് പ്രൊജക്ട്, തിസീസ് തുടങ്ങിയവ തയ്യാറാക്കുന്നതിന് വേണ്ടി 76 വയസ്സ് പിന്നിട്ട അബ്ദുൾറഹ്മാൻ കുട്ടി മാസ്റ്ററെ തേടി എത്താറുണ്ട്.
പൊന്നാനി ദേശത്തിന്റെ പൗരാണികതയും തനിമയും അവയുടെ പരിപോഷണവും സദാ ചിന്തയിലും സംസാരത്തിലും കൊണ്ടുനടക്കുന്ന ടി വി അബ്ദുൾറഹ്മാൻ മാസ്റ്റർക്ക് നാട്ടില്‍നിന്നും മറുനാട്ടില്‍ നിന്നും പല ആദരവുകളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
മതമൈത്രിക്ക് പേര് കേട്ട സ്വന്തം ജന്മനാട്ടിലെ ഏറെ പ്രസിദ്ധമായ ഒരു ക്ഷേത്രക്കമ്മിറ്റി നൽകുന്ന പുരസ്കാരം ലഭിച്ചതിൽ തനിക്ക് ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നും ഇത് തന്നെ കൂടുതൽ ഉത്തരവാദിത്തമുള്ളവനും വിനീതനുമാക്കുന്നുവെന്നും പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ടി വി അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ പ്രതികരിച്ചു.