/sathyam/media/media_files/2025/10/07/ponnani-municipality-2025-10-07-20-40-10.jpg)
പൊന്നാനി: പൊന്നാനി നഗരസഭയുടെ അനാസ്ഥ കാരണം ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിനു വേണ്ടി അബ്ദുൽ സമദ് സമദാനി എംപി കേന്ദ്രമന്ത്രിയെ സന്ദർശിച്ച് പൊന്നാനിയിൽ ദേശീയപാതയ്ക്ക് മുകളിൽ കൂടി നടപ്പാത നിർമ്മാണത്തിന് അനുമതി വാങ്ങിയതിനെ തള്ളിപ്പറയുന്ന പൊന്നാനി നഗരസഭ ചെയർമാൻ ജനങ്ങളോട് മാപ്പു പറയണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ദേശീയപാതയിലെ അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് അന്നത്തെ എംപിഇ ടി മുഹമ്മദ് ബഷീർ പൊന്നാനി ലോകസഭ പരിധിയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ യോഗം വിളിച്ചു ചേർക്കുകയും, പൊന്നാനി നഗരസഭ പങ്കെടുക്കുകയോ എവിടെയെല്ലാം അടിപ്പാത വേണമെന്ന് ആവശ്യപ്പെടുകയോ ചെയ്യാത്തതാണ് ഇപ്പോഴത്തെ യാത്രാദുരിതത്തിന് കാരണമായത്.
ഇതുകാരണം ദേശീയപാത കൊണ്ട് തുറമുഖ നഗരമായ പൊന്നാനിക്ക് ഒരു ഗുണവും ഉണ്ടായില്ല. എംപി വിളിച്ചുചേർത്ത ലോകസഭാ പരിധിയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെട്ട എല്ലാ സ്ഥലങ്ങളിലും അടിപ്പാത അനുവദിക്കുകയും ചെയ്തിരുന്നു.
അടിപ്പാത ആവശ്യം നഗരസഭ ഉന്നയിക്കാത്തതിനെ തുടർന്ന് നിരവധി വർഷങ്ങളായി ബസ് സർവീസ് ഉണ്ടായിരുന്ന പള്ളപ്രം - കൊല്ലൻപടി റോഡും ഇല്ലാതായി. പത്തുവർഷം പൊന്നാനി നഗരസഭ ഭരണം നടത്തിയ ഇടതുപക്ഷ ഭരണസമിതി പൊന്നാനിയുടെ വികസന മുരടിപ്പ് മറച്ചുവെക്കുന്നതിനാണ് ഇപ്പോൾ പൊന്നാനി എംപിയെ കുറ്റപ്പെടുത്തുന്നതെന്നും ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.