/sathyam/media/media_files/2025/10/11/1001317199-2025-10-11-12-57-39.jpg)
പൊന്നാനി: പൈതൃക മാപ്പിള കാവ്യശാഖയായ ഖിസ്സപ്പാട്ട് വിഷയത്തിൽ പഠന - ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്നും അത് മാപ്പിള ശീലുകളുടെയും സൂഫികവികളുടെയും പാരമ്പര്യ കലകളുടെയും നാടായ പൊന്നാനിയിൽ തന്നെ ആയിരിക്കുന്നതാണ് എന്തുകൊണ്ടും ഉചിതവുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ അംഗം ഹാജി കെ എം മുഹമ്മദ് ഖാസിം കോയ ഉസ്താദ് ആവശ്യപ്പെട്ടു.
ഓൾ കേരള ഖിസ്സപ്പാട്ട് അസോസിയേഷൻ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മതസൗഹാർദ്ദത്തിന്റെയും സാംസ്കാരിക പാരമ്പര്യത്തിന്റെയും നാടായ പൊന്നാനി, ഖിസ്സപ്പാട്ടിന്റെ പൈതൃകകേന്ദ്രമായി രൂപാന്തരപ്പെടുന്നത് കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിന് പുതിയ ചൈതന്യം നൽകുമെന്നും പൊന്നാനിയിലെ പാരായണ പാരമ്പര്യവും പഴമയുടെ നാദവും ഖിസ്സപ്പാട്ടിന്റെ ആത്മാവിനോട് ചേർന്നതാണെന്നും ഖാസിം കോയ ഉസ്താദ് അഭിപ്രായപ്പെട്ടു.
ഖിസ്സപ്പാട്ട് കലാരൂപത്തിന്പ്രോത്സാഹനവും ഗവേഷണവുമായ ഒരു സ്ഥിരകേന്ദ്രം പൊന്നാനിയിൽ ഉണ്ടാവുന്നത്, യുവതലമുറയ്ക്ക് പൈതൃകം കൈമാറാനും കലാകാരന്മാർക്ക് സംരക്ഷണം ലഭിക്കാനും വഴിതെളിക്കും എന്നും കാസിം കോയ ഉസ്താദ് തുടർന്നു.
സംസ്ഥാന പ്രസിഡൻ്റ് കണ്ടമംഗലം ഹംസ മുസ്ലിയാർ അദ്ധ്യക്ഷൻ വഹിച്ചു. പി സീതിക്കോയ തങ്ങൾ നീറ്റിക്കൽ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
കൈപ്പുറം കെ എം ബാവ മൗലവി മുഖ്യാതിഥിയായി. സിദ്ധീഖ് മൗലവി ഐലക്കാട്, അക്ബർ ട്രാവൽസ് സാരഥി ഡോ. കെ വി അബ്ദുനാസർ, മുനിസിപ്പാലിറ്റി ചെയർമാൻ ശിവദാസ് ആറ്റുപുറം, എ ബി ഉമർ സാഹിബ്, ശാഹുൽ ഹമീദ് മൗലവി, അബൂ മുഫീദ താനാളൂർ എന്നിവർ പ്രസംഗിച്ചു.
കെ പി എം അഹ്സനി കൈപുറം, അബു ആബിദ് സിദ്ധീഖ് മുർശിദി, ഇബ്രാഹിംടി എൻ പുരം, ഉമർ സഖാഫി മാവുണ്ടിരി എന്നിവർ വിവിധ ഖിസ്സകൾ പാടിപ്പറഞ്ഞു. ഇശൽ മാലക്ക് പി ടി എം ആനക്കര,നാസർ മൈത്ര, മൊയ്തീൻ മുസ്ലിയാരങ്ങാടി, റഷീദ് കുമരനല്ലൂർ, മുഹമ്മദ് മണൂർ എന്നിവർ നേതൃത്വം നൽകി.
അക്ബർ ട്രാവൽസ് സാരഥിയുടെ "കാഫ്‌മല കണ്ട പൂങ്കാറ്റേ" ആലാപനം സദസിനെ ആശ്ചര്യപ്പെടുത്തി.
ഖിസ്സപ്പാട്ട് കാഥികൻ കൈപുറം ഹംസ മുസ്ലിയാർ കണ്ടമംഗലം ബദർ ഖിസ്സപ്പാട്ട് പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.