/sathyam/media/media_files/6T3pFsbwmDyrtIfmD7Mg.jpg)
മലപ്പുറം: ഒരു ജനതയുടെയാകെ പ്രശ്നങ്ങളും ആവശ്യങ്ങളും സന്തോഷങ്ങളും പങ്കുവയ്‌ക്കാനുള്ള വേദിയായി നവകേരള സദസ്സ് മാറുന്ന അനുഭവമാണ് തിരൂരിലുണ്ടായത്. മലപ്പുറം ജില്ലയിൽ നവകേരള സദസ്സിന്റെ ആദ്യ ദിനത്തിൽ തിരൂരിൽ നടന്ന പ്രഭാതയോഗം പങ്കാളിത്തംകൊണ്ടും അഭിപ്രായപ്രകടനങ്ങൾകൊണ്ടും വ്യത്യസ്തതയാർന്നതായി.
ജനാധിപത്യ രാജ്യത്ത് ജനങ്ങളാണ് പരമാധികാരികൾ. തങ്ങൾ അധികാരത്തിലേറ്റിയ സർക്കാർ എന്തു ചെയ്തു എന്നറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ആ അവകാശം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഓരോ വർഷവും ചെയ്ത കാര്യങ്ങൾ നിരത്തി പ്രോഗ്രസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കൽ ഈ സർക്കാർ ഒരു നയമായി നടപ്പാക്കുന്നത്.
പ്രകടനപത്രികയിൽ പറഞ്ഞതിൽ വിരലിലെണ്ണാവുന്നവ ഒഴിച്ച് നടപ്പാക്കിയാണ് 2016ലെ സർക്കാർ കാലാവധി പൂർത്തിയാക്കിയത്. ജനങ്ങളാകെ അംഗീകരിച്ച ആ നേട്ടങ്ങൾ കേരള മാതൃകയെ കൂടുതൽ തിളക്കമുറ്റതായി മാറ്റി. 2021ൽ വീണ്ടും അധികാരത്തിൽ വന്നപ്പോൾ കൂടുതൽ വേഗത്തിൽ ഭരണനിർവഹണം സാധ്യമാകാൻ എന്തൊക്കെ ചെയ്യാനാകും എന്നാണ് ആലോചിച്ചത്.
മികച്ച ഭരണനിർവഹണത്തിന്റെ പ്രയോജനം സംസ്ഥാനത്തെ ഓരോ മനുഷ്യനും അനുഭവിക്കാൻ കഴിയണം. വികസനം എല്ലാ ഭാഗത്തും എത്തണം. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സർവതല സ്പർശിയായ വികസനം എന്നതാണ് കാഴ്ചപ്പാട്.
അത് സാധ്യമാക്കാൻ നിലവിലുള്ള പലതും മാറ്റിയെഴുതേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് താലൂക്കുതല പരാതി പരിഹാര അദാലത്തുകളും തുടർന്ന് ജില്ലാ, മേഖലാതല അവലോകനങ്ങളും നടത്തിയത്.
ജനാധിപത്യത്തിന്റെ അർഥതലങ്ങൾ കൂടുതൽ സമ്പുഷ്ടമാക്കാനും ശാക്തീകരിക്കാനുമുള്ള ഈ ബഹുജന സംവാദപരിപാടിയെ അതീവ താൽപ്പര്യത്തോടെയാണ് ജനങ്ങൾ സ്വീകരിക്കുന്നത്. ആ സ്വീകാര്യതയുടെയും സർക്കാരിൽ അർപ്പിക്കുന്ന വിശ്വാസത്തിന്റെയും പ്രതിഫലനം തിരൂരിലെ പ്രഭാതയോഗത്തിൽ വ്യക്തമായി കാണാമായിരുന്നു.
മൂർത്തമായ ജനകീയ പ്രശ്നങ്ങൾമുതൽ വ്യക്തിഗത പരാതികൾവരെ അവിടെ ഉന്നയിക്കപ്പെട്ടു, ഉയർന്ന അഭിപ്രായങ്ങളുടെയും ആവശ്യങ്ങളുടെയും വൈവിധ്യം സർക്കാരിൽ ജനങ്ങൾ അർപ്പിക്കുന്ന പ്രതീക്ഷയെയാണ് വെളിവാക്കിയത്.
വെറ്റിലയെ കൃഷിയിൽ ഉൾപ്പെടുത്തണമെന്ന് വെറ്റില കർഷകനായ അബ്ദുൽ ഹമീദ് അഭ്യർഥിച്ചു. തിരൂർ വെറ്റിലയ്ക്ക് ഭൗമസൂചികാ പദവി ലഭിച്ചത് സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണെന്നും വിള ഇൻഷുറൻസിന്റെ പരിധിയിൽ വെറ്റിലയെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അതിന് മറുപടി നൽകി. പ്രകൃതിക്ഷോഭ സമയത്ത് വെറ്റിലയ്ക്കും നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. ഇൻഷുറൻസ് തുക ഉയർത്തുന്ന കാര്യം പരിഗണിക്കുമെന്നും അറിയിച്ചു.
തിരൂർ, തിരൂരങ്ങാടി താലൂക്ക് വിഭജിച്ച് താനൂർ കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന് റിട്ട. പ്രൊഫസറായ ബാബു അഭ്യർഥിച്ചു. കായിക മേഖലയ്ക്ക് ജില്ലയിൽ കൂടുതൽ ഫണ്ട് അനുവദിക്കണം. താനൂരിൽ സ്പോർട്സ് അക്കാദമി, ഇൻഡോർ, ഔട്ട്ഡോർ സ്റ്റേഡിയങ്ങൾ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
താനൂർ മോര്യകാപ്പിൽ ഉപ്പുവെള്ളം കയറി കൃഷി നശിക്കുകയാണെന്നും ഇത് തടയാൻ പൂരപ്പുഴയിൽ റെഗുലേറ്റർ സ്ഥാപിക്കണമെന്നും താനൂർ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക അഭിപ്രായപ്പെട്ടു.
കനോലി കനാൽ മലിനമാണ്. അത് ശുചീകരിച്ച് ടൂറിസത്തിന് ഉപയോഗിക്കണം. താനൂർ അംബേദ്കർ എസ്‌സി കോളനിയിലെ താമസക്കാർക്ക് പട്ടയം നൽകണം. ഇക്കാര്യമെല്ലാം പരിശോധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കാമെന്ന് മറുപടി നൽകി.
കോവിഡ് കാലത്ത് ബുദ്ധിമുട്ടിയപ്പോൾ തനിക്ക് താമസമടക്കം എല്ലാ സഹായവും നൽകിയത് ഈ സർക്കാരാണെന്ന് ഭിന്നശേഷിക്കാരനും കലിക്കറ്റ് സർവകലാശാല മുൻ വിദ്യാർഥിയുമായ അബൂബക്കർ സിദ്ധീഖ് അക്ബർ പറഞ്ഞു.
പ്രവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നും വിമാനക്കമ്പനികൾ പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്നും പ്രവാസിയായ മടപ്പാട് അബൂബക്കർ പറഞ്ഞു.
കൂടുതൽ വിമാനസർവീസുകൾ ആരംഭിക്കുന്ന കാര്യത്തിൽ നടപടിയെടുക്കാൻ സംസ്ഥാനത്തിന് പരിമിതിയുണ്ടെന്നും കേന്ദ്രസർക്കാരിന്റെ ഫലപ്രദമായ ഇടപെടൽ ആവശ്യമാണെന്നും നിർഭാഗ്യവശാൽ അത് ഉണ്ടാകുന്നില്ലെന്നുമുള്ള മറുപടിയാണ് അതിനു നൽകിയത്.
അശരണർക്കും രോഗികൾക്കും സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണ വളരെ വലുതാണെന്ന് പാലിയേറ്റീവ് പ്രവർത്തകൻ രമേശ് മേനോൻ പറഞ്ഞു. ആത്മഹത്യയെക്കുറിച്ചുവരെ ചിന്തിച്ച തന്നെ, അതിൽനിന്ന് പിന്തിരിപ്പിച്ചത് സർക്കാർ നൽകിയ പിന്തുണയാണെന്നും അദ്ദേഹം പറഞ്ഞു.
ഗവേഷണത്വരയുള്ള വിദ്യാർഥികളെ ചെറുപ്പത്തിൽത്തന്നെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ ഓരോ ജില്ലയിലും നവപ്രതിഭാ ഗവേഷണകേന്ദ്രം സ്ഥാപിക്കണമെന്ന് കോഴിക്കോട് ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് സലീം പറഞ്ഞു. പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസ മേഖലകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹെൽത്ത് ടൂറിസത്തെ മാർക്കറ്റ് ചെയ്യുന്നതിനായി സർക്കാർതലത്തിൽ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ഡോ. അരുൺ രാജൻ അഭിപ്രായപ്പെട്ടു. ആയുർവേദരംഗത്ത് കൂടുതൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ആരംഭിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഹെൽത്ത് ടൂറിസം രംഗത്ത് സ്വകാര്യമേഖലയ്ക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാനാകുമെന്ന് അതിന് മറുപടിയായി പറഞ്ഞു. ഹെൽത്ത് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർതലത്തിൽ നടപടികൾ സ്വീകരിക്കുന്ന കാര്യം പരിശോധിക്കും.
സമഗ്ര വികസനത്തിന് കരുത്തേകുന്ന അതിവേഗ റെയിൽപ്പാതയുടെ നിർമാണത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ഹസീബ് തങ്ങൾ പറഞ്ഞു. അതിവേഗ പാതയുടെ നിർമാണം പൂർത്തിയാക്കണം. വികസനത്തിന് കക്ഷി രാഷ്ട്രീയത്തിനതീതമായ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ഭിന്നത ഉണ്ടെങ്കിലും ജനാധിപത്യപരമായി തെരഞ്ഞെടുത്ത സർക്കാർ നടത്തുന്ന പരിപാടിയെ ബഹിഷ്കരിക്കുന്നതിൽ അർഥമില്ല. തിരൂരിലെ പ്രദേശവാസി എന്ന നിലയിൽ കാലാകാലങ്ങളായുള്ള ആവശ്യമാണ് അതിവേഗ റെയിൽപ്പാത എന്നും അദ്ദേഹം വിശദീകരിച്ചു.
തിരൂർ ഗൾഫ് മാർക്കറ്റിലെ വ്യാപാരികളെ ട്രേഡ് യൂണിയനും ജിഎസ്ടി അധികൃതരും ശത്രുക്കളെപ്പോലെയാണ് കാണുന്നതെന്നും വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കി നൽകാതെ അധികാരികൾ ബുദ്ധിമുട്ടിക്കുകയാണെന്നും ഗൾഫ് മാർക്കറ്റ് അസോസിയേഷൻ പ്രതിനിധി ഇബ്നുൽ വഫ പറഞ്ഞു.
സംസ്ഥാനത്ത് സംരംഭങ്ങൾ ആരംഭിക്കുന്നതിനായി പ്രവാസികൾക്ക് പ്രത്യേക പരിഗണനയും സൗകര്യങ്ങളുമുണ്ടെന്ന് പ്രവാസി ബിസിനസുകാരനായ സമീർ ഹാജിക്ക് മറുപടി നൽകി.
കടൽക്ഷോഭം രൂക്ഷമായ പൊന്നാനിയിൽ കടൽഭിത്തി നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് സർക്കാർ സഹായത്താൽ തീരദേശ മേഖലയിൽനിന്ന് എംബിബിഎസ് നേടിയ സംസ്ഥാനത്തെ ആദ്യ വനിതയായ ഡോ. സുൾഫത്ത് അഭിപ്രായപ്പെട്ടു.
കാളപൂട്ട് കർഷകർക്ക് സർക്കാർ എല്ലാ സഹായവും ആനുകൂല്യങ്ങളും നൽകുന്നുണ്ടെന്ന് കാളപൂട്ട് തൊഴിലാളിയും കർഷകനുമായ കുഞ്ഞുമൊയ്തീന് മറുപടി നൽകി.
മലബാർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്ര ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ക്ഷേത്രങ്ങളുടെ അംശദായ തുക വർധിപ്പിക്കണമെന്നും മനോജ് എമ്പ്രാന്തിരി അഭ്യർഥിച്ചു.
ക്ഷേത്ര ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായുള്ള മലബാർ ദേവസ്വം ബിൽ കൊണ്ടുവരുമെന്ന് അദ്ദേഹത്തിന് മറുപടി നൽകി.
യോഗത്തിൽ ഉയർന്ന ഏതാനും അഭിപ്രായങ്ങൾ മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. ഉയരുന്ന ഓരോ വിഷയത്തിലും തുടർനടപടികൾ ഉറപ്പാക്കുന്നുണ്ട്. നവകേരള സദസ്സിന്റെ സാർഥകത പൂർണമാകുന്നത് ഇത്തരം യോഗങ്ങളിലാണ്.