പൊന്നാനി: പൊന്നാനിയിലെ നവ കേരള സദസ്സിലേക്ക് സ്കൂൾ ബസുകൾ വിട്ടു നൽകിയ നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ജോയിൻറ് ആർടിഒയെ ഉപരോധിച്ച് പരാതി നൽകി.
ഇതുകാരണം പൊന്നാനി താലൂക്കിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകേണ്ടി വന്നത്. നവകേരള സദസ്സിൽ പങ്കെടുത്ത സ്കൂൾ ബസുകളുടെ പെർമിറ്റ് റദ്ദാക്കുകയും, പിഴ ചുമത്തുകയും ചെയ്യണമെന്ന് കോൺഗ്രസ്സ് ജോയിൻറ് ആർടിഒയോട് ആവശ്യപ്പെട്ടു. നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതി അലക്ഷ്യത്തിന് ഹൈക്കോടതിയെ സമീപിക്കും.
ഉപരോധ സമരത്തിന് ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക്, വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ, മണ്ഡലം പ്രസിഡണ്ടുമാരായ എൻ പി നബീൽ, കെ ജയപ്രകാശ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ: കെ വി സുജീർ, എം അബ്ദുല്ലത്തീഫ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജയദേവ്, വിനു എന്നിവർ നേതൃത്വം നൽകി.