പൊന്നാനി: സംഘപരിവാറിന്റെ കേന്ദ്രസർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന ഏക സിവിൽ കോഡിനെതിരെ കേരള നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കിയത് രാജ്യത്തിന് ആകെ ആവേശവും മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയും ആണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ.എം മുഹമ്മദ് ഖാസിം കോയ. പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂനപക്ഷ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ നായക സ്ഥാനത്ത് തന്നെയാണെന്ന് താനെന്ന് മറ്റൊരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് ഖാസിം കോയ പറഞ്ഞു.
അരക്ഷിതമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്ത്യയിൽ ഇതുപോലുള്ള ധീരമായ നടപടികളും അതിന് നേതൃത്വം നല്കുന്നവരുമാണ് അവശേഷിക്കുന്ന പ്രതീക്ഷയും കരുത്തുമെന്നും ഖാസിം കോയ തുടർന്നു.
"ഇന്ത്യയുടെ ഭരണഘടനയെയും, ചരിത്രത്തെയും, സാമൂഹിക പാശ്ചാത്തലത്തെയും, നാനാത്വത്തിലുള്ള ഏകത്വത്തെയും മുറുകെപ്പിടിക്കുകയും ഇന്ത്യയുടെ ബഹുസ്വരത തകരാതെ സംരക്ഷിക്കുന്നതിനുമുള്ള നീക്കത്തിന് രാജ്യത്ത് തുടക്കമിടുകയാണ് ഏക സിവിൽ കോഡിനെതിരെ രാജ്യത്ത് ഇതാദ്യമായി പ്രമേയം പാസ്സാക്കിയതിലൂടെ കേരളം നിയമസഭയും പ്രമേയമവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനും.
ഇന്നത്തേത് പോലുള്ള കെട്ടകാലത്ത് കേരളാ സർക്കാരും അതിന് നായകത്വം നൽകുന്ന സിപിഎമ്മും പിണറായി വിജയനും ഇടതുപക്ഷവുമാണ് അഭയവും പ്രതീക്ഷയുമെന്നും ഖാസിം കോയ ചൂണ്ടിക്കാട്ടി. പ്രമേയം ഐക്യകണ്ഡേന പാസാവുന്നതിൽ സഹകരിച്ച മുഴുവൻ നിയമസഭാ സാമാജകരെയും ഖാസിം കോയ അഭിനന്ദിച്ചു.
പൗരത്വ പ്രശ്നം പുകഞ്ഞു നിന്ന കാലത്തും ഇന്ത്യയിലെ മറ്റെല്ലാ നിയമസഭകൾക്കും മാതൃകയായും ന്യൂനപക്ഷത്തിന് തുണയും കരുത്തുമായും കേരളാ അസംബ്ലി സമാനമായ നീക്കം കൈകൊണ്ടിരുന്നു. സംഘപരിവാറിന്റെ വിദ്വേഷ നീക്കങ്ങൾക്ക് തടയിടുന്നതിന് നേതൃത്വം നൽകാൻ അന്നത്തെപോലെ ഇന്നും ഇടതുപക്ഷവും സിപിഎമ്മും രംഗത്തുണ്ടെന്നത് ഇന്ത്യൻ മുസ്ലിം സമൂഹത്തിന് ആവേശകരമായ അനുഭവമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് ബുധനാഴ്ച്ച അയച്ചുകൊടുത്ത സന്ദേശത്തിൽ ഖാസിം കോയ അഭിപ്രായപ്പെട്ടു.
ഇന്ത്യ ഒരു ബഹുസ്വര രാജ്യമാണ്. ഇവിടെ വിവിധ മതവിഭാഗങ്ങളും കുടുംബഘടനകളും ഉണ്ട്. ഈ വൈവിധ്യം നമ്മുടെ രാജ്യത്തിന്റെ സമ്പന്നതയാണ്. ഈ വൈവിധ്യത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഖാസിം കോയ ഉസ്താദ് വിവരിച്ചു. ഏക സിവിൽ കോഡ് ഈ വൈവിധ്യത്തെ തകർക്കുകയും നമ്മുടെ രാജ്യത്തിന്റെ അസ്തിത്വത്തെ തന്നെ അപകടത്തിലാക്കുകയും ചെയ്യുമെന്നും ഹജ്ജ് കമ്മിറ്റി അംഗം ചൂണ്ടിക്കാട്ടി.
ഇന്ത്യക്കും ലോകത്തിനും മാതൃകാപരമായ ഇനിയും ഒരുപാട് നീക്കങ്ങൾ നടത്തുവാൻ പടച്ചവൻ താങ്കൾക്ക് ദീർഘായുസ് നൽകട്ടേയെന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് ഈമെയിലിലൂടെ അയച്ചുകൊടുത്ത അഭിനന്ദന സന്ദേശം ഉസ്താദ് ഖാസിം കോയ സമാപിപ്പിച്ചത്.