സ്വാതന്ത്ര്യദിനത്തിൽ പൊന്നാനി മസ്ജിദുൽ മുസ്സമ്മിൽ പായസം വിതരണം ചെയ്തു

New Update
independence day celebration

പൊന്നാനി: എഴുപത്തി ഏഴാമത് ദേശീയ സ്വാതന്ത്ര്യദിനം സമുചിതമായി കൊണ്ടാടിയതിലുള്ള ചാരിതാർഥ്യത്തിലാണ് പൊന്നാനിയിലെ ഒരു പള്ളി കമ്മിറ്റി. മസ്ജിദ് മുസ്സമ്മിൽ ഇജാബ പള്ളി കമ്മിറ്റി പായസം പാചകം ചെയ്തു വ്യാപകമായി വിതരണം ചെയ്താണ് രാജ്യത്തിന്റെ അഭിമാന നാളിൽ പങ്കാളികളായത്. രാജ്യം ഇതുവരെ ചരിച്ച അഭിമാനകരമായ പാത കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുമ്പോൾ അതിനെ പരിരക്ഷിക്കാനുള്ള ചുമതല എല്ലാവരെയും ഓര്മപ്പെടുത്തുകയെന്നതാണ് തങ്ങൾ ഇതുകൊണ്ടു ഉദ്യേശിച്ചതെന്ന്  കമ്മിറ്റി അംഗങ്ങൾ വിവരിച്ചു.

Advertisment

പ്രാണനേക്കാൾ വലുതാണ് പിറന്ന നാടിന്റെ സ്വാതന്ത്ര്യമെന്ന് വിശ്വസിച്ച നമ്മുടെ മുൻഗാമികൾ ജീവനും രക്തവും കൊടുത്ത് വാങ്ങിയ സ്വാതന്ത്ര്യത്തിൽ അഭിമാനിക്കാനും അത് കാത്തു സൂക്ഷിക്കാനും മുസ്ലിം അന്ന് തൊട്ട് ഇന്നുവരെയും മറ്റാരേക്കാളും മുൻ നിരയിലാണെന്ന് മസ്ജിദുൽ മുസ്സമ്മിൽ ഇജാബ പരിസരത്ത് ചേർന്ന സ്വാതന്ത്ര്യദിന കൂട്ടായ്മയിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ മുഹമ്മദ്‌ ഖാസിം കോയ പറഞ്ഞു.  

ഇന്ത്യയിലെ ആദ്യ അധിനിവേശക്കാരായ പോർച്ചുഗീസുകാർ മുതൽ ബ്രിട്ടീഷുകാർ വരെയുള്ളവർ നടത്തിയ അടിമത്ത, അതിക്രമ നീക്കങ്ങളെ അന്ന് മുതൽ സ്വാതന്ത്ര്യം വരെ നേരിട്ടതിൽ  മുസ്ലിംകളുടെ പങ്ക് ആരും പ്രത്യേകം വിവരിക്കേണ്ടതില്ല. രാജ്യം അപകടപ്പെടുമ്പോഴെല്ലാം അതിനു കാവലാളായി മുസ്ലിം സമുദായം ഉണ്ടാവുമെന്നും ഖാസിം കോയ തുടർന്നു.

പുരോഗതിയിലും ജനക്ഷേമത്തിലും സഹിഷ്ണുതയിലും ഇന്ത്യ ലോകത്തിലെ ഒന്നാംകിട രാജ്യമായി തുടരാൻ മസ്ജിദ് കമ്മിറ്റി അഭിവാദ്യം അർപ്പിച്ചു. കെ.എം ഇബ്രാഹീം ഹാജി, കെ എം അബ്ദുൽ റസാഖ് ഹാജി, റഫീഖ് സഅദി, ഉസ്മാൻ മൗലവി, ഹാജി കെ എം മുഹമ്മദ്‌ ഫൈസൽ റഹ്‌മാൻ എന്നിവർ സംബന്ധിച്ചു.

Advertisment