പൊന്നാനി: ഈഴുവത്തിരുത്തി പ്രദേശത്ത് ഭാരതപ്പുഴയിൽ നിന്നും വെള്ളം കയറി എല്ലാവർഷവും ദുരിതാശ്വാസ ക്യാമ്പിലേക്കും, ബന്ധുവീടുകളിലേക്കും താമസം മാറേണ്ടി വരുന്നതിന് ശ്വാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടാട്, കുമ്പളത്ത് പടി, ഹൗസിംഗ് കോളനി, ഈശ്വരമംഗലം പ്രദേശങ്ങളിലെ നിരവധി താമസക്കാർ ഒപ്പിട്ട പരാതികൾ ജില്ലാ കളക്ടർക്ക് നൽകി.
കുറ്റിക്കാട് മുതൽ ഈശ്വരമംഗലം വരെയാണ് കർമ്മ റോഡിന് മുകളിൽ കൂടിയും, റോഡിനടിയിലെ വലിയ പൈപ്പിൽ കൂടിയും ആറു മുതൽ പത്ത് വരെയുള്ള വാർഡുകളിലേക്ക് പുഴവെള്ളം എത്തുന്നത്. കർമ്മ റോഡിലെ പുഴയോര ഭിത്തി നാലടി ഉയർത്തുകയും, പൈപ്പിനകത്ത് ഫൂട്ട് വാൽവോ ഷട്ടറോ സ്ഥാപിച്ച് പുഴയിൽ നിന്നും വെള്ളം കയറുന്നതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് കളക്ടർക്ക് പരാതി നൽകിയിട്ടുള്ളത്.
/sathyam/media/media_files/ezhuvathuruthi-flood.jpg)
എല്ലാവർഷവും വീടിനകത്ത് വെള്ളം കയറുന്നത് കാരണം കെട്ടിടങ്ങളുടെ ചുമരുകൾക്ക് വിള്ളൽ സംഭവിക്കുകയും ചെയ്യുന്നു. ജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങൾക്കും, ബുദ്ധിമുട്ടുകൾക്കും പരിഹാരം കാണുന്നതിന് നടപടികൾ സ്വീകരിക്കാമെന്ന് ജില്ലാ കളക്ടർ കോൺഗ്രസ് നേതാക്കൾക്ക് ഉറപ്പുനൽകി.
യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ് മോഹൻ, മുൻ എംപി സി ഹരിദാസ്, വി സൈദ് മുഹമ്മദ് തങ്ങൾ, ടി കെ അഷറഫ്, മുസ്തഫ വടമുക്ക്, എ പവിത്രകുമാർ, സി ജാഫർ എന്നിവരുടെ നേതൃത്വത്തിലാണ് കളക്ടർക്ക് പരാതി നൽകിയത്.