മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിലും വണ്ടൂരും കാട്ടുപന്നി ബൈക്കിലിടിച്ച് യുവാക്കൾക്ക് പരിക്ക്. വട്ടപ്പറമ്പ് ചോലക്കൽ മച്ചിങ്ങൽ സുബൈർ (36), വണ്ടൂർ ചെട്ടിയാറമ്മൽ പള്ളിപറമ്പൻ ഫൈസൽ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
വ്യാഴം രാത്രി 8.30ഓടെ വട്ടപ്പറമ്പ് ചോലക്കൽ റോഡിലാണ് സുബൈറിനെ കാട്ടുപന്നി ആക്രമിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുന്നതിനിടെയാണ് സംഭവം.
ബൈക്ക് മറിഞ്ഞ് നിലത്തുവീണ സുബൈറിന്റെ വലതുകാലിന് പൊട്ടലുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.
വണ്ടൂർ നിലമ്പൂർ റോഡിൽ മൂച്ചിക്കൽ ചോലയിലാണ് കെഎസ്ഇബി കരാർ ജീവനക്കാരനായ ഫൈസൽ സഞ്ചരിച്ച ബൈക്കിൽ കാട്ടുപന്നി ഇടിച്ചത്.
ഇടതുകൈക്ക് സാരമായി പരിക്കേറ്റ ഫൈസലിനെ വണ്ടൂരിലെ ആശുപത്രികളിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജോലിസംബന്ധമായി മമ്പാടേക്ക് പോകുന്നതിനിടെയാണ് രണ്ട് കാട്ടുപന്നികൾ റോഡിന് കുറുകെ ചാടിയത്.
ഇതിൽ ഒന്ന് ബൈക്ക് കുത്തി മറിച്ചിടുകയായിരുന്നു. നാട്ടുകാരാണ് ഫൈസലിനെ ആശുപത്രിയിൽ എത്തിച്ചത്. ശരീരത്തിൽ പലയിടങ്ങളിലും മുറിവേറ്റിട്ടുമുണ്ട്. ബൈക്ക് പൂർണമായും തകർന്നു.