/sathyam/media/media_files/2024/10/26/Y29BMrewkCUBfpgt08iV.jpg)
പൊന്നാനി: ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് പൊന്നാനി നഗരസഭയിലെ പ്രധാന സ്ഥലങ്ങളിൽ അടിപ്പാതയും, തുറമുഖ നഗരമായ പൊന്നാനിയിലേക്ക് ദേശീയപാതയിൽ നിന്നുള്ള പ്രവേശന കവാടവും ഇല്ലാതാക്കിയ പൊന്നാനി നഗരസഭ ഇപ്പോൾ ഫ്ലൈഓവർ നിർമ്മാണത്തിന് താൽപര്യം കാണിക്കാതെ നടപ്പാത നിർമ്മാണവുമായി മാത്രം മുന്നോട്ടുപോകുന്നത് പൊന്നാനിയിലെ ജനങ്ങളെ ദുരിതത്തിലാക്കുന്ന തീരുമാനമാണെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.
ഫ്ലൈ ഓവർ നിർമ്മിക്കുവാൻ അനുയോജ്യമായ സ്ഥലങ്ങളിൽ ഫ്ലൈ ഓവർ നിർമ്മിക്കുവാനും, സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ നടപ്പാത നിർമ്മാണത്തിനും പൊന്നാനി നഗരസഭ ദേശീയപാത അധികൃതരോട് ആവശ്യപ്പെടണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
പൊന്നാനിയിൽ ദേശീയപാത നിർമ്മാണം പൂർണമായതോടെ സ്കൂളുകൾ, ആശുപത്രി, വില്ലേജ് ഓഫീസ്, റേഷൻകടകൾ എന്നിവിടങ്ങളിലേക്കും, ജോലിക്കാർക്കും, ബസ് യാത്രക്കാർക്കും അടിപ്പാത ഇല്ലാത്തതിന്റെ പേരിൽ കിലോമീറ്ററുകൾ ചുറ്റി വേണം യാത്ര ചെയ്യുവാൻ.
കഴിഞ്ഞദിവസം ദേശീയപാത ഉദ്യോഗസ്ഥരും സിപിഎം നേതാക്കളും മാത്രം പങ്കെടുത്ത് നടപ്പാത നിർമിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നും, വിവിധ രാഷ്ട്രീയ പാർട്ടികളെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി നടപ്പാതയും, ഫ്ലൈ ഓവറും നിർമ്മിക്കുന്നതിനുള്ള ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ ദേശീയപാത അധികൃതരും, പൊന്നാനി നഗരസഭയും തയ്യാറാവണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.