/sathyam/media/media_files/2025/07/14/ponnani-nercha-2025-07-14-15-25-48.jpg)
പൊന്നാനി: ഫലസ്തീൻ ജനതക്കും ലോക സമാധാനത്തിനുമായുള്ള പ്രാർത്ഥന സംഗമത്തോടെ മസ്ജിദുൽ മുസമ്മിൽ ഇജാബയിൽ വർഷം തോറും നടത്തി വരുന്ന അമ്പിയാ മുർസലീങ്ങളുടെ ആണ്ട് നേർച്ച സമാപിച്ചു.
ഭക്തിനിർഭരമായ സമാപന പ്രാർത്ഥനാ സംഗമത്തിൽ വിശ്വാസികളായ വൻ ജനാവലി പള്ളിയ്ക്ക് അകത്തും പുറത്തുമായി പടച്ചവനിലേക്ക് കൈകൾ ഉയർത്തി. പ്രാർത്ഥന സംഗമത്തിന് മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം കെ.എം മുഹമദ് കാസിം കോയ നേതൃത്വം വഹിച്ചു.
ഖതുമുൽ ഖുർആൻ, ബുർദ്ദ മജ്ലിസ്, നബി കീർത്തനം, അസ്ഹാബുൽ ബദ്റ് റാത്തീബ് മൗലീദ്, അനുസ്മരണം, ദുആ മജ്‌ലിസ് എന്നീ പരിപാടികൾക്ക് പുറമെ നൂറ് കണക്കിന് പേർ സംബന്ധിച്ച സമൂഹ അന്നദാനവും അമ്പിയാ മുര്സലുകളുടെ ആണ്ടുനേർച്ചയുടെ ഭാഗമായി അരങ്ങേറി.
നേർച്ചയോട് അനുബന്ധമായി നടത്തിയ സാമൂഹ്യ സേവനമെന്ന നിലയിൽ പതിനഞ്ച് ടൺ ഭക്ഷ്യധാന്യം ദരിദ്ര കുടുംബങ്ങൾക്ക് വിതരണം ചെയ്തു. ഇതിന്റെ ഉദ്‌ഘാടനം സയ്യിദ് സഹല് ബാഫഖീ തങ്ങൾ നിർവഹിച്ചു.
ആത്മീയ സദസ്സ് നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം ഉദ്ഘാടനം ചെയ്തു. ഡോ. കോയ കാപ്പാട് ബുർദ്ദ മജ്ലിസിന് നേതൃത്വം നൽകി.
സയ്യിദ് സീതി കോയ തങ്ങൾ ബുഖാരി, സയ്യിദ് ഷറഫുദ്ധീൻ ജമലുല്ലൈലി തങ്ങൾ ചേളാരി, സയ്യിദ് അമീൻ തങ്ങൾ, അബ്ദു റസാഖ് ഫൈസി മാണൂർ, മുസ്തഫ കാമിൽ സഖാഫി ചെറുന്തുരുത്തി, അശ്റഫ് ബാഖവി അയിരൂർ, യാസിർ ഇർഫാനി സഖാഫി, ഉസ്മാൻ ഖാമിൽ സഖാഫി, ടി വി അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ, യഹിയ നഈമി, സിദ്ധിഖ് മൗലവി അയിലക്കാട്, റഫീഖ് സഅദി, ഉസ്മാൻ കറുകത്തിരുത്തി, കെ പി നൗഷാദലി, കെ എം അബ്ദു റസാഖ് ഹാജി, മുഹമ്മദ് ഇബ്രാഹീം ഹാജി എന്നിവരും പരിപാടികളിൽ സന്നിഹിതരായിരുന്നു.