/sathyam/media/media_files/2025/08/05/diabetes-seminar-2025-08-05-20-28-05.jpg)
തേഞ്ഞിപ്പലം: വിദ്യാർത്ഥികളിലും യുവതലമുറയിലും വലിയ തോതിൽ പ്രമേഹ രോഗം ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പെരുവള്ളൂർ ഗവർമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ അരങ്ങേറിയ പ്രമേഹ സെമിനാർ അവരിൽ ബോധവൽക്കരണം ഉളവാക്കി. "ഇത്ര കയ്പോ മധുരത്തിന്" എന്ന തലവാചകത്തിൽ സ്‌കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റിയാണ് സെമിനാർ സംഘടിപ്പിച്ചത്.
കിഴിശ്ശേരി അൽഅബീർ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിദഗ്ദ്ധൻ ഡോ. ഷാസ് പാമങ്ങാടൻ പരിപാടി നയിച്ചു. വിദ്യാർത്ഥികളിൽ സദാ പ്രമേഹം സംബന്ധിച്ച ജാഗ്രത നിലനിർത്തുന്നതിന് സ്‌കൂളിൽ ഷുഗർ ബോർഡുകൾ സ്ഥാപിച്ചു.
പരസ്യങ്ങളിലും പ്രചാരണങ്ങളിലും ആകൃഷ്ടരായും മറ്റും ചെറുപ്പക്കാർ അനിയന്ത്രിതമായി മിഠായികളും ചോക്ലേറ്റുകളും കഴിച്ചുകൊണ്ടിരിക്കുന്നതും ആരോഗ്യബോധത്തോടെയല്ലാതെയുള്ള ഭക്ഷണശീലവും മാറ്റിയെടുക്കണമെന്ന് ഡോ. ഷാസ് ഉണർത്തി.
പ്രമേഹം ബാധിക്കുന്നത്, അതിന്റെ ലക്ഷണങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പ്രതിരോധ വഴികൾ, അപകടങ്ങൾ തുടങ്ങി പ്രമേഹം സംബന്ധിച്ച സമഗ്ര ചിത്രം സെമിനാർ സദസ്സിന് പകർന്ന് നൽകി. ചോദ്യോത്തര സെഷനും ഉണ്ടായിരുന്നു.
സ്‌കൂൾ എസ് എം സി ചെയർമാൻ എ പി അഹമ്മദ് ബോധവത്കരണ പരിപാടി ഉദ്‌ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ ഹരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ സിന്ധു, വി ഹരീഷ്, അജ്‌മൽ ചൊക്ലി, വി ടി രശ്മി, വി ആർ സാനു, വി അൻവർ ഷമീം, എ ടി ദീപ, ജിനു കെ തോമസ് എന്നിവർ സംസാരിച്ചു.