/sathyam/media/media_files/2025/08/27/ponnani-congress-protest-2025-08-27-00-47-30.jpg)
പൊതുമരാമത്ത് വകുപ്പിന്‍റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് പൊന്നാനി മണ്ഡലം കോൺഗ്രസ് പൊതുമരാമത്ത് വകുപ്പ് എൻജിനീയറെ ഉപരോധിച്ചു
പൊന്നാനി: പൊന്നാനി നിയോജകമണ്ഡലത്തിലെ വിവിധ റോഡുകൾ ജലജീവൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി പൊളിച്ചതിനു ശേഷം നിർമ്മാണ പ്രവർത്തി പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു.
വാട്ടർ അതോറിറ്റിയാണ് പണി പൂർത്തീകരിക്കേണ്ടതെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. റോഡിൻ്റെ പകുതിഭാഗം പൊളിച്ചതിനെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ ഗതാഗത തടസ്സം സംഭവിക്കുകയും, വലിയ കുഴികൾ രൂപപ്പെടുകയും ചെയ്തു. വർഷങ്ങളായി പൊളിച്ചിട്ട റോഡിൽ രണ്ടുപേർ മരണപ്പെടുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
നിരവധി അപകടങ്ങൾ സംഭവിച്ചതിനെ തുടർന്ന് റോഡ് പണി അടിയന്തരമായി പൂർത്തീകരിക്കുവാൻ പോലീസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല.
പൊതുമരാമത്ത് വകുപ്പും വാട്ടർ അതോറിറ്റിയും തമ്മിലുള്ള ഏകീകരണമില്ലാത്തത് കാരണം നിരവധി ആളുകളാണ് യാത്രാദുരിതം അനുഭവിക്കുന്നത്.
രണ്ടു വകുപ്പുകൾ തമ്മിലുള്ള തർക്കം കാരണം പൊന്നാനിയിലെ ജനങ്ങൾക്കുണ്ടായി വരുന്ന ബുദ്ധിമുട്ടുകൾക്ക് പൊന്നാനി എംഎൽഎ മറുപടി പറയണമെന്നും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക്, ഡിസിസി വൈസ് പ്രസിഡണ്ട് വി ചന്ദ്രവല്ലി, എ പവിത്രകുമാർ, എം അബ്ദുല്ലത്തീഫ്, പി നൂറുദ്ദീൻ, സംഗീത രാജൻ, എം അമ്മുക്കുട്ടി, ഇ മജീദ്, എ ജയൻ, സി ജാഫർ, അബൂ കാളമ്മൽ, സി എ ശിവകുമാർ, പിടി ജലീൽ, എം ഫസലുറഹ്മാൻ എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.