മലപ്പുറം: മലപ്പുറം ജില്ലയിലെ വനിതാ സംരക്ഷണ ഓഫീസിൽ മതിയായ സൗകര്യങ്ങളേർപ്പെടുത്തണമെന്നും ആവശ്യമായ സ്റ്റാഫുകളെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി നേതാക്കൾ ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജിന് നിവേദനം നൽകി.
വനിതാ സംരക്ഷണ ഓഫീസ്, അനുബന്ധ സ്ഥാപനങ്ങളായ വൺ സ്റ്റോപ്പ് സെന്റർ, സർവീസ് പ്രൊവൈഡിങ് സെന്ററുകൾ, ഫാമിലി കൗൺസിലിംഗ് സെന്ററുകൾ എന്നിവിടങ്ങളിലായി ആയിരക്കണക്കിന് കേസുകളാണ് ഓരോ വർഷവും കൈകാര്യം ചെയ്തുവരുന്നത്.
ഓഫീസർ, ക്ലർക്ക്, അറ്റന്റർ എന്നീ മൂന്ന് തസ്തികകൾ മാത്രമാണ് നിലവിലുള്ളത്. കേസുകൾ അറ്റൻഡ് ചെയ്യുന്നതിന് ആവശ്യമായ സ്റ്റാഫിന്റെ അപര്യാപ്തത മൂലം പല കേസുകളും തുടർപ്രവർത്തനങ്ങൾ നിർവഹിക്കാൻ കഴിയാതെ പോകുന്ന സാഹചര്യമാണുള്ളത്.
നിലവിൽ മറ്റു ഓഫീസുകളുടെ ഇടയിൽ ഒരു ക്യാബിൻ മാത്രമായി പ്രവർത്തിക്കുന്ന വിമൻ പ്രൊട്ടക്ഷൻ ഓഫീസിന്റെ സ്റ്റാഫടക്കമുള്ള സൗകര്യങ്ങൾ വർധിപ്പിക്കണമെന്നാണ് മന്ത്രിക്കുള്ള നിവേദനത്തിൽ ആവശ്യപ്പെട്ടത്.
വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് റജീന വളാഞ്ചേരി, ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ, വൈസ് പ്രസിഡണ്ടുമാരായ ഹസീന വഹാബ്, ഷിഫ ഖാജ, ജില്ല സെക്രട്ടറി ജസീല കെപി എന്നിവടങ്ങുന്ന സംഘമാണ് മന്ത്രിയെ സന്ദർശിച്ചത്.