/sathyam/media/media_files/Jx31S6SFpLUHXWqtUTbR.jpg)
എടപ്പാൾ: മുസ്ലിം സമുദായത്തിലെ അകലങ്ങളിൽ കഴിയുന്ന രണ്ട് പ്രമുഖ വിഭാഗങ്ങളുടെ സംയുക്തമായ നേതൃത്വത്തിൽ അരങ്ങേറിയ അയിലക്കാട് ശൈഖ് സിറാജുദ്ധീൻ അൽഖാദിരി ആണ്ട്നേർച്ച സമുദായത്തിൽ ഒരുമയുടെ ഉജ്വല സന്ദേശം മുഴക്കി. അയിലക്കാട് മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് സിറാജുദ്ദീൻ സഈദ് അൽ ഖാദിരിയുടെ 67 മത് ആണ്ടുനേർച്ച സമാപന പരിപാടിയ്ക്ക് നേതൃത്വം നൽകിയത് ഇരു വിഭാഗം സമസ്തകളുടെ പ്രമുഖ നേതാക്കളായിരുന്നു.
ഇ കെ സുന്നി വിഭാഗം സമസ്തയുടെ അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും എ പി കാന്തപുരം വിഭാഗം സമസ്തയുടെ ചെറുപ്പക്കാരനായ നേതാവും കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ മകനുമായ കാന്തപുരം എ പി അബ്ദുൽ ഹക്കീം അസ്ഹരിയും സംയുക്തമായി പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയപ്പോൾ സുന്നീ അണികളിൽ ആവേശം തിരയടിച്ചു. ഇതൊരു തുടക്കമാവണമെന്നും നിലച്ചു പോകരുതെന്നുമുള്ള വിചാരം സദസ്സിൽ അനുരണനം കൊണ്ടു.
മൂന്നു ദിവസങ്ങളിലായി നടന്ന വിവിധ പരിപാടികളുടെ സമാപനത്തിൽ കേരള ഹജ്ജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് ഖാസിം കോയ, ടി എ റഷീദ് ഫൈസി മദ്രസ ക്ഷേമനിധി ബോർഡ് അംഗം സിദ്ദീഖ് മൗലവി അയിലക്കാട് കെ ടി ബാവ ഹാജി മഹല്ല് സെക്രട്ടറി ഹസൻ തുടങ്ങിയവരും സംബന്ധിച്ചു.