മലപ്പുറം: ഭാരതീയ ന്യായ് സംഹിത പ്രകാരം സംസ്ഥാനത്തെ രണ്ടാമത്തെ കേസ് റജിസ്റ്റർ ചെയ്തതും മലപ്പുറത്തെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ. അപകടകരമായ രീതിയില്‍ ഇരുചക്രവാഹനം ഓടിച്ച യുവാവിനെതിരെയാണ് ആദ്യം കേസെടുത്തത്. രണ്ടാമത്തെ കേസിലും ഇയാള്‍ തന്നെയാണ് പ്രതി.
ഇന്നു വെളുപ്പിന് 12:20 ന് ആണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് കൊണ്ടോട്ടി പൊലീസ് സ്വമേധയയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഭാരതീയ ന്യായസംഹിത 2023 ലെ വകുപ്പ് 281, മോട്ടോർ വെഹിക്കിൾ ആക്ട് 1988 ലെ വകുപ്പ് 194 D എന്നിവ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പുതുതായി നിലവിൽ വന്ന ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ വകുപ്പ് 173 പ്രകാരമാണ് എഫ്ഐ ആർ തയ്യാറാക്കിയത്.
ഇരുചക്ര വാഹനത്തിൽ ഹെൽമറ്റില്ലാതെ സഞ്ചരിച്ച കർണാടക സ്വദേശി മുഹമ്മദ് ഷാഫി എന്നയാള്‍ക്കെതിരെയായിരുന്നു കേസ്. ഷാഫി ഓടിച്ച ബൈക്കിൽ രണ്ടു പേർ കൂടി ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. മൂന്നു പേരുമായി ബൈക്ക് ഓടിച്ചതിനുള്ള രണ്ടാം കേസിലും ഷാഫി പ്രതിയാകും. ഇതിൽ ഒരാളുടെ കയ്യിൽ കഞ്ചാവുണ്ടായിരുന്നു.