/sathyam/media/media_files/2025/08/21/sysf-2025-08-21-17-07-12.jpg)
പൊന്നാനി: 'തിരുവസന്തം 1500' എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാന കമ്മറ്റി നടത്തുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി മലപ്പുറം വെസ്റ്റ് ജില്ലാ എസ്.വൈ.എസ് കമ്മറ്റി നാളെ (വെള്ളി) പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ നടത്തുന്ന പൊന്നാനി മൗലിദോടെ ജില്ലയിലെ മീലാദ് പരിപാടികള്‍ക്ക് തുടക്കമാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ വിവരിച്ചു.
യൂണിറ്റ്, സര്‍ക്കിള്‍, സോണ്‍ തലങ്ങളില്‍ പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍, സൗഹൃദ സംഗമങ്ങള്‍, സ്‌നേഹ ഭാഷണങ്ങള്‍, സന്ദേശയാത്രകള്‍ തുടങ്ങി വിവിധങ്ങളായ പദ്ധതികളാണ് ക്യാമ്പയിന്റെ ഭാഗമായി നടക്കുക. പൊന്നാനി വലിയ ജുമുഅത്തുപള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (റ) രചിച്ച നബി കീര്‍ത്തന കാവ്യമായ മന്‍ഖൂസ് മൗലിദ് ആണ് പാരായണം ചെയ്യുന്നത്.
പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പൊന്നാനിയിലും പരിസരപ്രദേശങ്ങളിലും പടര്‍ന്നു പിടിച്ച സാംക്രമിക രോഗങ്ങളില്‍ നിന്നും രക്ഷനേടാനായി മഖ്‌ദൂം കബീര്‍ മന്‍ഖൂസ് മൗലിദ് രചിക്കുകയും പ്രദേശവാസികളോട് സ്ഥിരമായി അവ പാരായണം ചെയ്ത് രോഗശമനത്തിനായി പ്രാര്‍ത്ഥിക്കാന്‍ നിര്‍ദ്ധേശിക്കുകയും ചെയ്തു. പൊന്നാനിയിലെ വീടുകള്‍, കടകള്‍, മത്സ്യബന്ധന യാനങ്ങള്‍ എന്നിവയിലെല്ലാം മന്‍ഖൂസ് മൗലിദ് വര്‍ഷം തോറും പാരായണം ചെയ്തു വരുന്നു. വരുംകാലങ്ങളിലും കേരളത്തിലുടനീളം ഈ പാരമ്പര്യം തനിമയോടെ നിലനിര്‍ത്തുക എന്ന ദൗത്യമാണ് എസ് വൈ എസ് നിര്‍വഹിക്കുന്നത്.
പൊന്നാനി മൗലിദിന്റെ ഭാഗമായി ബോട്ട് മൗലിദ്, പീടികമൗലിദ്, പഴമക്കാരുടെ മൗലിദ്, വീട്ടു മൗലിദ്, പ്രാസ്ഥാനിക സംഗമം, വളണ്ടിയര്‍ സ്‌നേഹ സംഗമം, നാടുണര്‍ത്തല്‍, സ്വലാത്ത് ജാഥ എന്നിവ നടന്നു. പൊന്നാനി മൗലിദിന് തുടക്കം കുറിച്ച് നാളെ വൈകീട്ട് 4 മണിക്ക് സിയാറത്ത് പള്ളിയില്‍ നിന്ന് വലിയ ജുമുഅത്ത് പള്ളിയിലേക്ക് സ്വലാത്ത് ജാഥ നടക്കും. നൂറുകണക്കിന് വിശ്വാസികള്‍ അണിനിരക്കും.
തുടര്‍ന്ന് സ്വാഗത സംഘം ചെയര്‍മാന്‍ കെ.എം മുഹമ്മദ് കാസിം കോയ ഹാജി പതാക ഉയര്‍ത്തും. സമൂഹ സിയാറത്തിന് സയ്യിദ് ജലാലുദ്ധീന്‍ ജീലാനി വൈലത്തൂര്‍ നേതൃത്വം നല്‍കും. 7 പി.എം ന് സമസ്ത പ്രസിഡണ്ട് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ല്യാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
കെ.എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡണ്ട് അബ്ദുല്‍ മജീദ് അഹ്‌സനി അധ്യക്ഷത വഹിക്കും. മഖ്ദൂം എം. പി മുത്തുക്കോയ തങ്ങള്‍, സയ്യിദ് സീതിക്കോയ തങ്ങള്‍, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍, അശ്‌റഫ് ഹാജി, എസ്.ഐ.കെ തങ്ങള്‍ മൂതൂര്‍, അബ്ദുള്ള ബാഖവി ഇയ്യാട്, യൂസഫ് ബാഖവി മാറഞ്ചേരി, അശ്‌റഫ് ബാഖവി അയിരൂര്‍, റസാഖ് ഫൈസി മാണൂര്‍, ഹൈദര്‍ മുസ്ലിയാര്‍, ഹംസ സഖാഫി, ജഅഫര്‍ അസ്ഹരി, മുനീര്‍ പാഴൂര്‍, ശിഹാബുദ്ധീന്‍ സഖാഫി പെരുമുക്ക്, സിദ്ധീഖ് അൻവരി, എന്നിവര്‍ സംബന്ധിക്കും.
എം മുഹമ്മദ് കാസിം കോയ ഹാജി, അബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനി, സയ്യിദ് സീതിക്കോയ തങ്ങൾ നീറ്റിക്കൾ, മുനീര്‍ പാഴൂര്‍, ആലിക്കോയ അഹ്‌സനി, സുബൈർ ബാഖവി കാഞ്ഞിരമുക്ക്, അബ്ദുൽഗഫൂര്‍ പയ്യപ്പുള്ളി, ഷാഹുല്‍ഹമീദ് മുസ്ലിയാര്‍, കെ വി സക്കീര്‍ ചമ്രവട്ടം, ഉസ്മാന്‍ കാമിൽ സഖാഫി പൊന്നാനി, ഹുസൈൻ അയിരൂർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.