മലപ്പുറം: മലപ്പുറം ജില്ലയിലെ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്ക റൂട്ട്സും സംസ്ഥാന സർക്കാരിന്റെ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും സംയുക്തമായി സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു.
2025 ജൂലൈ 02 ബുധനാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം കളക്ടറേറ്റ് ക്യാമ്പസിലുള്ള ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിലാണ് ശില്പശാല നടക്കുക.
നോർക്ക റൂട്ട്സ് മുഖേന സംസ്ഥാന സർക്കാർ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (NDPREM) ഉൾപ്പെടെയുള്ള വിവിധ പദ്ധതികളുടെ സേവന വിശദാംശങ്ങൾ ശില്പശാലയിൽ വിവരിക്കപ്പെടും.
താത്പര്യമുള്ളവർക്ക് ഉചിതമായ സംരംഭങ്ങൾ തിരഞ്ഞെടുക്കാനും അതിന്റെ സാമ്പത്തിക, നിയമ, മാനേജ്മെൻ്റ് മേഖലകളിലെ അടിസ്ഥാന മാർഗനിർദേശങ്ങൾ ഉൾപ്പെടെ വിശദമായി അറിയാനും ഈ ശില്പശാല വഴിയൊരുക്കും.
കൂടാതെ കുറഞ്ഞ മൂലധനത്തിൽ നാട്ടിൽ ആരംഭിക്കാവുന്ന നിരവധി നൂതന ബിസിനസ്സ് ആശയങ്ങളും ഇതിലൂടെ പരിചയപ്പെടാൻ കഴിയും. താത്പര്യമുള്ള പ്രവാസികൾക്ക് ജൂലൈ 02 രാവിലെ നേരിട്ട് വേദിയിലെത്തി രജിസ്റ്റർ ചെയ്യാം.