പൊന്നാനി: പൊതുജനാരോഗ്യ രംഗത്ത് കേരളത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് പി നന്ദകുമാർ എം എൽ എ വിവരിച്ചു. അസംഖ്യം സാധാരണ ജനങ്ങൾ നിത്യേനയെന്നോണം അനുഭവിച്ചു കൊണ്ടിരിക്കുന്ന അനിഷേധ്യ കാര്യമാണിതെന്നും അതിനിയും മെച്ചപ്പെടുത്താനാണ് കേരള സർക്കാർ ഉദ്യേശിക്കുന്നതെന്നും അദ്ദേഹം തുടർന്നു.
പൊന്നാനി നഗരസഭാ മൂന്നാം വാർഡിൽ സ്ഥാപിക്കുന്ന നഗര ജനകീയാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു സ്ഥലം എം എൽ എ. ചാണാ റോഡിൽ ആരംഭിച്ച ഹെൽത്ത് ആൻഡ് വെൽനെസ് കേന്ദ്രം പൊന്നാനി നഗരസഭ തുറക്കുന്ന രണ്ടാമത്തെ നഗര ജകീയാരോഗ്യ കേന്ദ്രമാണ്.
ആദ്യത്തേത് കടവനാട് ഏരിയയിൽ മാസങ്ങൾക്ക് മുമ്പ് പ്രവർത്തനം തുടങ്ങിയിരുന്നു. മൊത്തം ആറ് നഗര ജനകീയാരോഗ്യ കേന്ദ്രങ്ങൾ തുറക്കാനാണ് പൊന്നാനി നഗരസഭ ഉദ്യേശിക്കുന്നതെന്നു പരിപാടിയിൽ അധ്യക്ഷത വഹിച്ച മുനിസിപ്പാലിറ്റി ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.
/sathyam/media/media_files/BQHQlQ2tDyy94dlgYO5e.jpg)
ഓൺലൈൻ കൺസൾട്ടേഷൻ ഉൾപ്പെടയുള്ള സൗകര്യങ്ങളോടെയാണ് ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുക. ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകീട്ട് ഏഴ് മണിവരെ പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രം പ്രദേശത്തിന്റെ ആരോഗ്യ കാര്യത്തിലെ ഏറ്റവും അടുത്തുള്ള അഭയകേന്ദ്രമായിരിക്കുമെന്ന് അധികൃതർ വിശദീകരിച്ചു.
പുതുവര്ഷാരംഭത്തിൽ ഉദ്‌ഘാടനം ചെയ്ത ജനകീയാരോഗ്യ കേന്ദ്രം പൊന്നാനിയിലെ സാധാരണക്കാർക്കുള്ള നഗരസഭയുടെ പുതുവത്സര സമ്മാനമാണെണ് പരിപാടിയിൽ പങ്കെടുത്തവർ വിശേഷിപ്പിച്ചു.
വാർഡ് കൗൺസിലർ രാധാകൃഷ്ണൻ, നഗരസഭാ ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ, താലൂക് ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷീനാ സുദേശൻ, അജീനാ ജബ്ബാർ, ഒ ഒ ഷംസു, രജീഷ് ഊപ്പാല, ടി മുഹമ്മദ് ബഷീർ, കൗൺസിലർമാരായ രാധാകൃഷ്ണൻ, ഫർഹാൻ, നഗരസഭാ സെക്രട്ടറി സജിറൂൺ, ഡോ. ഹിബ അസ്‌ലം എന്നിവർ സംസാരിച്ചു.