/sathyam/media/media_files/2025/12/29/ponnani-congress-committee-2025-12-29-20-30-28.jpg)
വോട്ടർ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പൊന്നാനി മുനിസിപ്പല്‍ യുഡിഎഫ് കമ്മറ്റി ഇലക്ഷൻ തഹസിൽദാർക്ക് പരാതി നൽകിയപ്പോള്‍
പൊന്നാനി: പൊന്നാനി നിയോജക മണ്ഡലത്തിൽ എസ്ഐആർ പ്രകാരം പുറത്തിറക്കിയ 2026 ലെ കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുകളെ പറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കണമെന്ന് പൊന്നാനി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഓരോ ബൂത്തിലും 1200 വോട്ടർമാരിൽ അധികം പാടില്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം പൊന്നാനി നിയോജകമണ്ഡലത്തിലെ എല്ലാ ബൂത്തു കളുടെയും അതിർത്തി നിർണയമാണ് ക്രമക്കേടിന് കാരണമായത്.
46 ബൂത്തുകളാണ് പൊന്നാനി നിയമസഭ മണ്ഡലത്തിൽ വർദ്ധിച്ചിട്ടുള്ളത്. വിവിധ രാഷ്ട്രീയപാർട്ടികളുടെ യോഗം വിളിക്കാതെ ഉദ്യോഗസ്ഥർ അതിർത്തി നിർണയിച്ചതിനെ തുടർന്നാണ് ക്രമക്കേട് സംഭവിച്ചത്.
നിലവിലെ വോട്ടർ പട്ടികയിൽ പേരുള്ളവർ വിവിധ ബൂത്തുകളിൽ മാറിപ്പോയതും, ഒരു കുടുംബത്തിലെ ആളുകൾ വിവിധ ബൂത്തുകൾ മാറിയും, ദേശീയപാതയ്ക്ക് ഇരുഭാഗത്തുമുള്ളവർ ഒരു ബൂത്തിലും, വോട്ടർപട്ടികയിൽ വാർഡ് നമ്പറും, വീട്ടുനമ്പറും ഇല്ലാതെ പൂജ്യം കാണിച്ചുമാണ് പുതിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്.
അടുത്തടുത്തുള്ള വീടുകൾ ക്രമം തെറ്റിച്ച് വോട്ടർ പട്ടികയുടെ വിവിധ പേജുകളിലാണ് ഇടം പിടിച്ചിട്ടുള്ളത്. മുൻകാലങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ യോഗം വിളിച്ച് ചേർത്താണ് പട്ടികയുടെ അതിർത്തി നിർണയിച്ചിരുന്നത്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ വ്യാപക ക്രമക്കേടുകൾ പരിഹരിച്ച് വോട്ടർ പട്ടികയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് പൊന്നാനി താലൂക്ക് ഇലക്ഷൻ തഹസിൽദാർക്ക് പൊന്നാനി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റി പരാതി നൽകി.
യുഡിഎഫ് നേതാക്കളായ പൊന്നാനി നഗരസഭ പ്രതിപക്ഷ നേതാവ് ടി കെ അഷ്റഫ്, യുഡിഎഫ് ചെയർമാൻ കുഞ്ഞുമുഹമ്മദ് കടവനാട്, വി വി ഹമീദ്, എ പവിത്രകുമാർ, കെ ജയപ്രകാശ്, എം രാമനാഥൻ, സി അബ്ദുല്ല എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us